കൂട്ടപിരിച്ചു വിടല്‍ ഡിസ്നിയിലും ; ജോലി പോയത് 7000 ലേറെ പേര്‍ക്ക്

ലോകത്തിലെ പല പ്രമുഖ കമ്പനികളും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുകയാണ് ഇപ്പോള്‍. ഫേസ്ബുക്ക് , ആമസോണ്‍ , ഗൂഗിള്‍ എന്നിവര്‍ക്ക് പിന്നാലെ ഇപ്പോഴിതാ ലോക പ്രശസ്ത മാധ്യമ-വിനോദ കമ്പനിയായ ഡിസ്നിയിലും കൂട്ടപ്പിരിച്ചുവിടല്‍. ഏകദേശം 7000 ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പിരിച്ചുവിടല്‍ എന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കഴിഞ്ഞ ദിവസമാണ് പിരിച്ചുവിടല്‍ സംബന്ധിച്ച തീരുമാനം കമ്പനി പുറത്തുവിട്ടത്. അതേസമയം കമ്പനിയുടെ ചില ഡിപ്പാര്‍ട്ട്മെന്റുകള്‍ പുനസംഘടിപ്പിക്കാനും ജോലികള്‍ വെട്ടിക്കുറയ്ക്കാനും അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. സാമ്പത്തിക മാന്ദ്യ സാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനം.

ഇക്കഴിഞ്ഞ നവംബറിലാണ് കമ്പനിയുടെ സിഇഒ ആയി റോബര്‍ട്ട് ഇഗര്‍ സ്ഥാനമേറ്റത്. തൊട്ടുപിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. അതേസമയം കമ്പനിയുടെ ത്രൈമാസ വരുമാനം സംബന്ധിച്ച് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഡിസ്നിയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ട്രീമിംഗ് പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ്സിന് യുഎസിലും കാനഡയിലുമായി 200,000 സബ്സ്‌ക്രൈബേഴ്സ് മാത്രമാണുള്ളത്. മൊത്തം 46.6 ബില്യണ്‍ സബ്സ്‌ക്രൈബേഴ്സ് ആണ് ഇപ്പോള്‍ ഉള്ളത്. ഇത് ആശങ്കപ്പെടുത്തുന്ന കണക്കാണെന്നാണ് കമ്പനിയുടെ നിഗമനം.

ആഗോള തലത്തില്‍, ഹോട്ട്സ്റ്റാര്‍ ഒഴികെയുള്ള സ്ട്രീമിംഗ് സേവനത്തില്‍ 1.2 ദശലക്ഷം പേരുടെ വര്‍ധനവ് കമ്പനിയ്ക്ക് ഉണ്ടായിട്ടുണ്ട്. അതേസമയം കമ്പനിയുടെ മറ്റ് പ്ലാറ്റ്ഫോമുകളായ Hulu , ESPN Plus എന്നിവയില്‍ വളര്‍ച്ച വര്‍ധിച്ചിട്ടുണ്ട്. ഇവയിലെ വരിക്കാരുടെ എണ്ണം യഥാക്രമം 800000, 600000 എന്നീ രീതിയിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്. തുടര്‍ന്നാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത് സംബന്ധിച്ച തീരുമാനം കമ്പനി സിഇഒയായ റോബര്‍ട്ട് ഇഗര്‍ പുറപ്പെടുവിച്ചത്.”വളരെ നിസ്സാരമായ ഒരു വിഷയമല്ല ഇത്. ലോകമെമ്പാടുമുള്ള നമ്മുടെ ജീവനക്കാരോട് ബഹുമാനമുണ്ട്. അവരുടെ കഴിവുകളെയും ജോലിയോടുള്ള സമര്‍പ്പണത്തെയും ഞാന്‍ മാനിക്കുന്നു. ഇപ്പോള്‍ കമ്പനിയുടെ സാമ്പത്തിക ബാധ്യത 5.5 ബില്യണ്‍ ഡോളര്‍ ആണ്. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ തൊഴിലാളികളില്‍ ചിലരെ പിരിച്ചുവിടേണ്ടതായി വരും,’ ഇഗര്‍ പറഞ്ഞു. സ്ട്രീമിംഗ് ബിസിനസ്സില്‍ വേണ്ടത്ര വളര്‍ച്ച കൈവരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.