കൂട്ട പിരിച്ചുവിടലിന് പിന്നാലെ ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തി ഗൂഗിള്‍

മാതൃ കമ്പനിയിലെ കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപനത്തിന് ശേഷം ജീവനക്കാര്‍ക്ക് മറ്റൊരു തിരിച്ചടി നല്‍കി ഗൂഗിള്‍. ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ താല്‍ക്കാലികമായി ഗൂഗിള്‍ നിര്‍ത്തിവച്ചു. തൊഴിലുടമ സ്പോണ്‍സര്‍ ചെയ്ത ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കുന്നതിനുള്ള സുപ്രധാന ഘട്ടമായ പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്മെന്റാണ് (PERM) കമ്പനി താല്‍ക്കാലികമായി നിര്‍ത്തിയത്. ഇത് സംബന്ധിച്ച ഇമെയില്‍ ജീവങ്കക്കാര്‍ക്ക് ലഭിച്ചു. ഗൂഗിളിന്റെ ഈ തീരുമാനം വിദേശ തൊഴിലാളികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഗൂഗിള്‍ തങ്ങളുടെ വിദേശ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്മെന്റിനായി അപേക്ഷകള്‍ അയക്കേണ്ടതില്ലെന്ന് നിര്‍ദേശിച്ചു.

എന്നാല്‍ ഇത് മറ്റ് വിസ അപേക്ഷകളെയോ പ്രോഗ്രാമുകളെയോ ബാധിക്കില്ല. വിദേശ തൊഴിലാളികള്‍ക്കു യുഎസില്‍ സ്ഥിരമായി താമസിച്ചു ജോലി ചെയ്യുന്നതിനുള്ള പെര്‍മിറ്റാണ് ഗ്രീന്‍ കാര്‍ഡ് (ലീഗല്‍ പെര്‍മനന്റ് റെസിഡന്‍സി കാര്‍ഡ്). ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള പ്രക്രിയയിലെ നിര്‍ണായകമായ ആദ്യപടിയാണ് PERM ആപ്ലിക്കേഷന്‍. ഗ്രീന്‍ കാര്‍ഡ് (സ്ഥിരമായ താമസം) പ്രക്രിയയിലെ ഒരു നിര്‍ണായകമായ ആദ്യപടിയാണ് പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്മെന്റ് ആപ്ലിക്കേഷന്‍. വിദഗ്ധ മേഖലയില്‍ ജോലി ചെയ്യാന്‍ യോഗ്യതയുള്ള യുഎസ് തൊഴിലാളികള്‍ ലഭ്യമല്ലെന്ന് തൊഴിലുടമകള്‍ തെളിയിക്കണം.

ഇത് ഇന്നത്തെ തൊഴില്‍ വിപണിയെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയാണ് എന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഗൂഗിള്‍ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നതനുസരിച്ച്, നിരവധി ടെക് കമ്പനികള്‍ അവരുടെ ജീവനക്കാരെ പിരിച്ചു വിടുന്നു. ഇതോടെ ജോലി അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മറ്റ് ടെക് കമ്പനികള്‍ക്കൊപ്പം സാങ്കേതിക വിഭാഗത്തില്‍ പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്മെന്റ് കേസുകളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെങ്കിലും ഇതിനകം സമര്‍പ്പിച്ച ആപ്ലിക്കേഷനുകള്‍ പരിഗണിക്കുമെന്ന് ഗൂഗിള്‍അറിയിച്ചു.