ഡല്‍ഹി വിമാനത്തില്‍ നവജാത ശിശുവിന്‍റെ അജ്ഞാത മൃതദേഹം ; പ്രസവം നടന്നത് വിമാനത്തിലെ ടോയിലെറ്റില്‍
ന്യൂഡല്‍ഹി : ഇംഫാലില്‍നിന്ന് ഗുവഹാട്ടിവഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം. കുഞ്ഞിന്റ അമ്മയും ഇതേ വിമാനത്തില്‍ യാത്ര ചെയ്തിരുന്നുവെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തില്‍ ഇംഫാലില്‍ നിന്നുമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് മരിച്ച കുട്ടിയുടെ അമ്മയെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
വിമാനത്തിലെ ടോയിലെറ്റിനുള്ളില്‍ നിന്നാണ് ജീവനക്കാര്‍ മൃതദേഹം കണ്ടെത്തിയത്. വായില്‍ ടോയിലറ്റ് പേപ്പര്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ വായില്‍ പേപ്പര്‍ തിരുകിയതാവാം എന്നാണ് കരുതുന്നത്. കുട്ടിയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിലൂടെ മരിച്ചതാണോ എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ അറിയാന്‍ കഴിയു. സംഭവത്തില്‍ ഡല്‍ഹി പോലീസ് കൊലപാതകത്തിന് കേസ്സെടുത്തു.