ശബരിമല വിഷയത്തില്‍ എങ്ങും പ്രതിഷേധം ; ജാതിമതഭേദമന്യേ എതിര്‍പ്പുമായി വിശ്വാസികള്‍

ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി പുനപരിശോധിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം. ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പലയിടത്തും റോഡുകള്‍ തടഞ്ഞു.

ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തില്‍ അഖിലേന്ത്യാ ഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകരടക്കം വിവിധ ഹിന്ദു സംഘടനകളിലെ നിരവധിപേര്‍ സമരത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം, കൊച്ചി, കോട്ടയം, പാലക്കാട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ ദേശീയ പാതകളടക്കം ഉപരോധിച്ചു. തിരുവനന്തപുരത്ത് പിഎംജി ഹനുമാന്‍ ക്ഷേത്രത്തിന്മുന്നില്‍ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചു.

സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് അയ്യപ്പഭക്തര്‍ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം ഉപവസ സമരം നടത്തുന്നുണ്ട്. ശബരിമലയുടെ സമീപത്തുള്ള പഞ്ചായത്തുകളില്‍ നിന്ന് എത്തിയരാണ് ഉപവാസത്തില്‍ പങ്കെടുക്കുന്നത്. കൊച്ചി വൈറ്റിലയിലും പാലക്കാട്ടും കോട്ടയത്തും ഹിന്ദു സംഘടനകള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു . അതുപോലെ വിഷയത്തില്‍ ജാതിമതഭേദമന്യേ വിശ്വാസികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി മുസ്ലീം സംഘടനകള്‍ അടക്കം രംഗത്ത് വന്നുകഴിഞ്ഞു.