തിരുവനന്തപുരം ; ആറു ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി
തിരുവനന്തപുരം നഗരത്തില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. തലസ്ഥാനത്തെ ആറ് ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം രാവിലെ ഒമ്പത് മണിയോടെ പരിശോധന നടത്തിയത്. സ്റ്റാച്യൂവിലുള്ള അരുണ ഭവന്‍, പങ്കജ് ഹോട്ടല്‍, ജനറല്‍ ഹോസ്പിറ്റലിന് സമീപമുള്ള ഹോട്ടല്‍ ഹൈഡൈന്‍, നാരായണ ഭവന്‍, മൗര്യ രാജധാനി, മാഞ്ഞാലിക്കുളം ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഹൈലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയത്.
പഴകിയ ചോറ്, കോഴി- മീന്‍ വിഭവങ്ങള്‍, പഴകിയ എണ്ണ, നെയ്യ്, ബ്രഡ്ഡ്, അച്ചാറുകള്‍ എന്നിവ ഹോട്ടലുകളില്‍ നിന്ന് കണ്ടെത്തി. ശുചീകരണവാരത്തിന്റെ ഭാഗമായാണ് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയത്. ഹോട്ടലുകള്‍ക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി.