കനത്ത മഴ ; യുവതിയെ ഇന്ന് കടത്തി വിടില്ല എന്ന് പോലീസ്
പമ്പയിലും സന്നിധാനത്തും പെയ്യുന്ന കനത്ത മഴ കാരണം ശബരിമലയില്‍ സന്ദര്‍ശനത്തിനു എത്തിയ യുവതിയെ ഇന്ന് കടത്തി വിടില്ല എന്ന് പോലീസ്. ദര്‍ശനത്തിനായി പമ്പയില്‍ എത്തിയ മഞ്ജുവിന് സുരക്ഷ ഒരുക്കാനാകില്ല എന്നാണു പൊലീസ് ഇപ്പോള്‍ പറയുന്നത്. ഏറെ നേരം നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് മഞ്ജുവിന് സുരക്ഷ ഒരുക്കാനാകില്ല എന്ന് പൊലീസ് അറിയിച്ചത്. പ്രതികൂല കാലാവസ്ഥയാണ് പൊലീസ് കാരണമായി പറഞ്ഞത്.
ശക്തമായ മഴയും വഴിയില്‍ വഴുക്കലുമുള്ളതുകൊണ്ട് ഇപ്പോള്‍ വലിയ സുരക്ഷാ സംഘത്തോടൊപ്പമുള്ള യാത്ര പ്രായോഗികമല്ലെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു. നാളെ രാവിലെ മഞ്ജുവിന് സുരക്ഷ ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് മഞ്ജുവിന് ഉറപ്പുനല്‍കി. അതോടൊപ്പം മഞ്ജുവിന്റെ പൊതുജീവിതത്തിന്റെ പശ്ചാത്തലത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും ഐജി അറിയിച്ചു.
ദളിത് മഹിളാ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയാണ്. ഇന്ന് ഉച്ച കഴിഞ്ഞാണ് ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹം അറിയിച്ച് മുപ്പത്തിയെട്ടുകാരിയായ മഞ്ജു എത്തിയത്. പൊലീസ് പിന്തിരിപ്പിക്കാന് ആദ്യം ശ്രമിച്ചെങ്കിലും മലകയറണം എന്ന തീരുമാനത്തില്‍ മഞ്ജു ഉറച്ചുനില്‍ക്കുകയായിരുന്നു. താന്‍ വ്രതം എടുത്തുവന്ന വിശ്വാസിയാണെന്നും സന്നിധാനത്ത് എത്തി അയ്യപ്പദര്‍ശനം നടത്തണമെന്നും മഞ്ജു ആവര്‍ത്തിക്കുകയായിരുന്നു.
അതേസമയം ശക്തമായ പ്രതിഷേധമാണ് ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത്. യുവതി മല കയറുന്നു എന്ന വാര്‍ത്ത പ്രചരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് നടപ്പന്തലിലും മരക്കൂട്ടത്തും തടിച്ചു കൂടിയത്.