ശബരിമല ; ഇതുവരെ അറസ്റ്റിലായത് 3345 പേര് ; അറസ്റ്റുകള്‍ക്കെതിരെ കോണ്‍ഗ്രസ്
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ അറസ്റ്റ് തുടരുന്നു. കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3345 ആയി. 122 പേര് റിമാന്‍ഡിലുണ്ട്. സംഭവത്തില്‍ 517 കേസുകളും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശബരിമല സന്നിധാനം, പമ്പ, നിലക്കല്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ യുവതികളെ തടഞ്ഞതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 24 മുതലാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് തുടങ്ങിയത്.
പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഇതേ തുടര്‍ന്ന് നാമജപ യാത്രകളിലും മറ്റും പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ നടപടി എടുക്കരുതെന്ന് ഡിജിപി നിര്‍ദേശിച്ചിരുന്നു. കൂട്ടമായി അറസ്റ്റ് ചെയ്യുന്ന നടപടിയെ ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അക്രമങ്ങളില്‍ പങ്കാളികളായവരെ മാത്രമേ അറസ്റ്റ് ചെയ്യാവു എന്നും സര്‍ക്കാര്‍ ഗ്യാലറിക്ക് വേണ്ടി കളിക്കരുതെന്നുമാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയത്.
അതേസമയം അറസ്റ്റുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് രംഗത്ത് വന്നു. അടിയന്തരാവസ്ഥ കാലത്തു പോലും ഇത്രയും അറസ്റ്റുകളുണ്ടായിട്ടില്ലെന്നും കിരാതമായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാവില്ല. രാഹുല്‍ ഈശ്വറിനെ നേരത്തെ ലക്ഷ്യമിട്ടതാണെന്നും അറസ്റ്റ് ചെയ്ത രീതിയും ശരിയായില്ലെന്നും സുധാകരന് വിമര്‍ശിച്ചു. നാമജപത്തിന് പോയ സ്ത്രീകള്‍ക്ക് എതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത് ശരിയല്ല. പ്രതിഷേധത്തെ അടിച്ചമര്‍ത്താനാകില്ലെന്നും ആള്‍ക്കാരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
വീഡിയോയില്‍ കാണുന്നവരെയെല്ലാം പോലീസ് അറസ്റ്റുചെയ്യുന്നു. കോടതിവിധിയെ വിമര്‍ശിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സുധാകരന് ആരോപിച്ചു. സമാധാനപരമായി സമരം നടത്തിയ ആളുകളെ ഫോട്ടോ വെച്ച് തിരഞ്ഞു കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിലെ യുക്തി എന്താണെന്നും സുധാകരന് ചോദിക്കുന്നു.