ശബരിമല എല്ലാവര്ക്കും സ്വന്തം ; ഇരുമുടിക്കെട്ടില്ലാതെയും ദര്‍ശനം നടത്താമെന്ന് ഹൈക്കോടതി
വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ശബരിമല എല്ലാവരുടേയുമാണ്, ഇരുമുടിക്കെട്ടില്ലാതെയും ശബരിമലയ്ക്ക് പോകാം. പതിനെട്ടാം പടിയിലൂടെ കയറാന്‍ മാത്രമേ ഇരുമുടിക്കെട്ട് ആവശ്യമുള്ളു. അല്ലാത്തവര്‍ക്ക് നേരെ എതിര്‍വശത്തുള്ള നടയിലൂടെ സന്നിധാനത്തേക്ക് കടക്കാവുന്നതാണ്. ശബരിമല ദര്‍ശനം സംബന്ധിച്ച് ഈ കീഴ് വഴക്കം നിലനിന്നു പോരുന്നതാണ്.
നാനാജാതിമതസ്ഥര്ക്കും കടന്നുവരാവുന്ന ഇടമാണ് ശബരിമലയെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജിയില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ഹര്‍ജി തള്ളുകയും ചെയ്തു. സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന ഇടമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
അതുപോലെ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ എത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ക്രമസമാധാനം പാലിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി.
എല്ലാ വിശ്വാസികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നും ഹൈക്കോടതി പറഞ്ഞു. ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കും വിധം മണ്ഡലകാലത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം എന്നും കോടതി നിര്‍ദേശിച്ചു.