ശബരിമല ; മാധ്യമങ്ങള്‍ക്ക് പ്രവേശനം പമ്പവരെ മാത്രം ; കനത്ത സുരക്ഷയൊരുക്കി പോലീസ്

ചിത്തിര ആട്ട വിശേഷത്തിന് നടതുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ശബരിമലയില്‍ കനത്ത സുരക്ഷയൊരുക്കി പോലീസ്. മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം പൂര്‍ണ്ണമായും നീക്കിയിട്ടില്ലെങ്കിലും പമ്പയിലേക്ക് പോകാന്‍ അനുവാദം നല്‍കി. രണ്ട് എഡിജിപിമാരുടെ നേതൃത്വത്തില്‍ 2300 പോലീസുകാരെയാണ് ഇതുവരെ വിന്യസിച്ചിട്ടുള്ളത്. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 1200-ലധികം പോലീസുകാര്‍ ആണ് കാവല്‍.മാധ്യമങ്ങള്‍ക്ക് സന്നിധാനത്തേക്ക് ഇന്ന് പ്രവേശനം അനുവദിക്കില്ലെന്നാണ് ഐജി അശോക് പറയുന്നത്.

അതുപോലെ ശബരിമല ദര്‍ശനത്തിനായി ഇതുവരെ ഒരു യുവതിയും പോലീസിനേയോ ജില്ലാ ഭരണകൂടത്തേയോ സമീപിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് പല കാര്യങ്ങളും പോലീസ് പരസ്യമാക്കാന്‍ തയ്യാറാകുന്നുമില്ല. ഇതിനിടെ ശബരിമല വിഷയത്തില്‍ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. വിശ്വാസം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ടയില്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.