ശബരിമല ; സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വ്യാഴാഴ്ച്ച
ശബരിമല വിഷയത്തില്‍ വിധി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറില്‍ സര്‍വ്വകക്ഷി യോഗം നടക്കും. കോടതി വിധി നടപ്പിലാക്കാനാണ് ഇന്ന് ഉത്തരവ് വന്നതെങ്കില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചതിന് ശേഷം മാത്രമേ മുന്നോട്ട് പോകാവു എന്ന ധാരണയുണ്ടായിരുന്നു.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഭരണഘടനാ ബഞ്ച് ഇന്ന് ഉത്തരവിട്ടത്. എന്നാല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ 28-ലെ ചരിത്ര വിധി സ്റ്റേ ചെയ്യാതെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് റിട്ട്, റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ മാറ്റിയത്.
നേരത്തെ ശബരിമലയിലെ സുപ്രീംകോടതി വിധിയില്‍ സമവായത്തിനായി തന്ത്രി, രാജ കുടുംബങ്ങളുമായി സര്‍ക്കാര്‍ സമവായചര്‍ച്ച നടത്താന്‍ വിളിച്ചിരുന്നെങ്കിലും അവര്‍ എത്തിയിരുന്നില്ല. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ ഇന്നലെ സന്തോഷം പ്രകടിപ്പിച്ചിരുന്നു.