പോലീസിന്‍റെ വാഹനനിയന്ത്രണം ; കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ബസിൽ പമ്പയിലേക്ക്

ശബരിമല ദർശനത്തിനായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലിലെത്തി. മന്ത്രിയുടെ വാഹനം മാത്രമേ പമ്പയിലേക്ക് കടത്തിവിടാനാവൂ എന്നും കൂടെയുളളവര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളിൽ പോകാം എന്നുമായിരുന്നു പോലീസ് നിലപാട്. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ മന്ത്രിയും കൂടെയുള്ളവരും കെ.എസ്.ആര്‍.ടി.സി ബസിലാണ് പമ്പയിലേയ്ക്ക് പോയത്.

അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മന്ത്രി ആരോപിച്ചു. സര്‍ക്കാര്‍ വാഹനങ്ങളില്‍ മാത്രമേ ഭക്തര്‍ പോകാവൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണനും പൊന്‍ രാധാകൃഷ്ണനൊപ്പം ഉണ്ട്. ബിജെപി നേതാക്കളും എസ്പി യതീഷ് ചന്ദ്രയും തമ്മില്‍ വാക്തര്‍ക്കവുമുണ്ടായി. കെ.എസ്.ആര്‍.ടി.സി ബസ് കടത്തിവിടുന്ന സ്ഥലത്ത് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടല്ലോ എന്നായിരുന്നു മന്ത്രി എസ് പിയോട് ചോദിച്ചത്. കെ.എസ്ആര്‍ടിസി ബസ്സുകള്‍ പമ്പയിലേക്ക് പോയി വരികയാണെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലെന്നും പോലീസ് അറിയിച്ചു.

അതേസമയം സ്ത്രീ പ്രവേശനത്തെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോള്‍ അതിലേക്ക് കടക്കാനാകില്ലെന്നു മന്ത്രി പറഞ്ഞു.