മന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ ശബരിമല സന്ദര്‍ശനവിവാദം ; കേരളാ തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ സംഘര്‍ഷം

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹന വ്യൂഹം പമ്പയില്‍ പൊലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കന്യാകുമാരിയിൽ നിന്നുള്ള എംപിയാണ് പൊൻ രാധാകൃഷ്ണൻ.

പൊന്‍ രാധാകൃഷ്ണനോട് ശബരിമലയില്‍ കേരള പോലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ കഴിഞ്ഞ ദിവസം കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍നിന്നുള്ള ബസുകള്‍ കേരള അതിര്‍ത്തിയില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. സി പി എമ്മിന്റെ നേത്രുത്വത്തിലാണ് പ്രതിഷേധം നടന്നത്.

ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കളിയിക്കാവിളയിലും തക്കലയിലും കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തടഞ്ഞത്. ഇതിനുപിന്നാലെ തമിഴ്‌നാട് ബസുകള്‍ ഇഞ്ചിവിളയില്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിയശേഷം തിരിച്ചയച്ചത്. തുടര്‍ന്ന്‍ പാറശ്ശാല പോലീസ് ബസ് തടഞ്ഞവരെ നീക്കി.

സര്‍വീസ് പുനരാരംഭിക്കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥരുമായി അലോചിച്ചശേഷമേ അത് സാധ്യമാകുവെന്ന് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. അതിര്‍ത്തിക്കിരുവശത്തും ഇരുവിഭാഗങ്ങള്‍ സംഘടിച്ചതിനെത്തുടര്‍ന്ന് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.