അശ്ലീല വാട്സാപ്പ് ​ഗ്രൂപ്പിൽ വീട്ടമ്മയെ അംഗമാക്കി ; ​ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ

വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ അവരുടെ അനുമതിയില്ലാത അശ്ലീല വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്ത അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ സ്വദേശി മുസ്താഖ് അലി ഷെയ്ഖ് (24)ആണ് അറസ്റ്റിലായത്. അശ്ലീല ചിത്രങ്ങളും വീഡിയോകളും മാത്രം പങ്കുവയ്ക്കുന്ന ത്രിപ്പിള്‍ എക്‌സ്എക്‌സ്എക്‌സ് (Triple XXX) എന്ന് ഗ്രൂപ്പിലാണ് ഇയാള്‍ വീട്ടമ്മയെ അംഗമായി ചേര്‍ത്തത്.

സെപ്തംബറിലാണ് ത്രിപ്പിള്‍ എക്‌സ്എക്‌സ്എക്‌സ് എന്ന ഗ്രൂപ്പില്‍ അംഗമായി വീട്ടമ്മയുടെ നമ്പര്‍ ചേര്‍ത്തത്. സുഹൃത്തുക്കള്‍ പറ്റിച്ച പണിയാണെന്നാണ് യുവതി ആദ്യം കരുതിയത്. എന്നാല്‍ നിമിഷനേരത്തിനുള്ളില്‍ നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പില്‍ വരാന്‍ തുടങ്ങിയതോടെ യുവതി അംഗങ്ങളുടെ നമ്പര്‍ പരിശോധിച്ചു.

അഡ്മിനടക്കം 12 പേരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഇവരാരും തന്നെ യുവതിക്ക് പരിചയമുള്ളവരായിരുന്നില്ല. തുടര്‍ന്ന് ഇതുസംബന്ധിച്ച് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാരുതി ഷെല്‍ഖെ പറഞ്ഞു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഗ്രൂപ്പ് അഡ്മിനായുള്ള തെരച്ചില്‍ ശക്തമാക്കി. ശേഷം വെസ്റ്റ് ബംഗാളില്‍നിന്നുമാണ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കണ്ടെത്തുകയും ഗ്രൂപ്പ് അഡ്മിനായ ഷെയ്ഖിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുംബൈയിലെ ധാരാവിയില്‍നിന്നുമാണ് ഷെയ്ഖിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ ഐടി ആക്റ്റ് 67,67-എ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിദഗ്ദ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

ഐടി ആക്റ്റ് 2000 പ്രകാരം, ഒരാള്‍ ആദ്യമായാണ് ഇത്തരം കേസില്‍ പ്രതിയാകുന്നതെങ്കില്‍ മിനിമം അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കും. എന്നാല്‍ അയാള്‍ വീണ്ടും ഇതേ കേസുകളില്‍ പ്രതിയാകുകയാണെങ്കില്‍ ഏഴ് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

ചോദ്യം ചെയ്യലിനിടെ ഷെയ്ക്ക് താന്‍ അബദ്ധത്തില്‍ വീട്ടമ്മയുടെ നമ്പര്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്. സഹോദരി ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറാണെന്ന ധാരണയില്‍ ചെയ്തതാണെന്നും വീട്ടമ്മയുടെ നമ്പര്‍ തനിക്ക് അറിയില്ലെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സുഹൃത്തുക്കള്‍ ആരംഭിച്ച ഗ്രൂപ്പില്‍ വനിതാ അംഗങ്ങള്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കി.