യുവത്വത്തെ മയക്കുന്ന മയക്കുമരുന്ന്: ഇനിയും ഒരു ദുരന്തം നമുക്ക് ഉണ്ടാകാതിരിക്കട്ടെ
അബ്രാഹം കുരുട്ടുപറമ്പില്‍, വിയന്ന-ഓസ്ട്രിയ
പണ്ട് മലയാള സിനിമയില്‍ പാടിയതുപോലെ ”പച്ച കഞ്ചാവിന് മണമുള്ള കാറ്റേ പീരുമേട്ടിലെ കാറ്റേ”, ഹൈറേഞ്ചില്‍ പലഭാഗങ്ങളിലും പണ്ട് കഞ്ചാവ് ഒറ്റയ്ക്കും തോട്ടമായും വളര്‍ത്തിയിരുന്നു. ഇന്നും അട്ടപ്പാടി, മറയൂര്‍, കാന്തല്ലൂര്‍ മുതലായ സ്ഥലങ്ങളില്‍ കഞ്ചാവ് കൃഷി ചെയ്യുന്നവരെ പിടികൂടിയതായി പത്രങ്ങളില്‍ വായിക്കുന്നുണ്ടല്ലോ.
ഞങ്ങളുടെ മുക്കുടം എന്ന ഗ്രാമത്തില്‍ ഒരു അപ്പച്ചന് ചേട്ടനും ഒരു കുട്ടപ്പന് ചേട്ടനും സ്ഥിരമായി കഞ്ചാവ് വലിച്ചിരുന്നു. ഏകദേശം 45-50 വയസ്സായപ്പോള്‍ അവര്‍ സമതല തെറ്റിയവരെ പോലെ ആയിതീര്‍ന്നു! ആഴ്ചഅവസാനം അതിരാവിലെയോ രാത്രി ഏറെ വൈകിയിട്ടോ മെട്രോയിലൊ, ട്രെയിനിലോ യാത്രചെയ്യുമ്പോള്‍ അടിച്ചു ഫിറ്റായി ”കിറുങ്ങി ‘ ഇരിക്കുന്ന ചെറുപ്പക്കാരെ ധാരാളം കണ്ടിട്ടുണ്ട്. അതൊന്നും നമ്മുടെ പ്രശ്നങ്ങളല്ല! സഹാതപിച്ചിട്ടുണ്ട് അവരുടെ മാതാപിതാക്കളേ ഓര്‍ത്ത്.
എന്നാല്‍, നാം അടുത്തറിയുന്ന ഒരു കുടുംബത്തിലെ, സ്വന്തം സമൂഹത്തിലെ, അല്ലെങ്കില്‍ ഒരു മലയാളിയുടെ ദുഃഖം, അവന്റെ കുടുംബത്തിന് പറ്റുന്ന ഒരു അത്യാഹിതം, നമ്മുടെ മനസ്സില്‍ ഉലച്ചില്‍ ഉണ്ടാക്കേണ്ടതല്ലേ? കഴിഞ്ഞ് കുറേ കാലങ്ങള്‍ക്കുള്ളില്‍ മയക്കുമരുന്ന് മൂലം കൊലപാതകത്തിലും ആത്മഹത്യയിലും അടിപിടിയിലും വലിയ അപകടത്തിലും ചാടിയ മലയാളി യുവാക്കളെ എനിക്ക് വ്യക്തിപരമായി അറിയാം. കഴിഞ്ഞ ഒരു വര്‍ഷമായി നടക്കാനിറങ്ങുമ്പോള്‍ വഴിയില്‍ കൂട്ടമായി നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന ഓസ്ട്രിയന്‍ ചെറുപ്പക്കാരേയും ഈസ്റ്റേണ്‍ ബ്ലോക്കില്‍നിന്നും വന്ന മനുഷ്യരെയും ഞാന്‍ സ്ഥിരമായി കാണാറുണ്ട്.
യൂറോപ്പില്‍ ഏറ്റവും സുലഭമായി, നിയമാനുസൃതമായി ഡ്രഗ്സ് കിട്ടുന്ന സ്ഥലം ആംസ്റ്റര്‍ഡാം ആണ്. നമ്മുടെ ചെറുപ്പക്കാര്‍, അല്ലെങ്കില്‍ യൂറോപ്പിലേക്ക് വരുന്ന അമേരിക്കന്‍ ചെറുപ്പക്കാര്‍ പോകാനാഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ആംസ്റ്റര്‍ഡാം! അവിടെ കോഫിഹൗസുകളില്‍ ഇത് ധാരാളം മേടിക്കുന്നതിനും ഉപയോഗിക്കുന്നതിനും സാധിക്കുന്നു. ‘Coffeeshop’ ആണ്. Coffee shop അല്ല.
എന്നെ അമ്പരപ്പിച്ചുകൊണ്ട് ഈയിടെ അറിഞ്ഞ ഒരു വിവരമാണ് പ്രാഗ് (Prague) എന്ന പട്ടണം ആംസ്റ്റര്‍ഡാമിനെ കടത്തിവെട്ടുന്നുവെന്നത്! യൂറോപ്പിലെ മയക്കുമരുന്നിന്റെ മെക്ക (Mecca of Europe ) ആണ് പ്രാഗ് ! യൂറോപ്പിലെ പല രാജ്യങ്ങളില്‍നിന്നും മലയാളി യുവാക്കളടക്കം ആംസ്റ്റര്‍ഡാമിലേക്കും പ്രാഗിലേക്കും ഒക്കെ ഇടക്കിടെ യാത്രചെയ്യുന്നത് ഒരുപക്ഷേ ഈ ലഹരി ഒന്നു നുണയാന്‍ ആയിരിക്കില്ലേ?
എന്റെ തൊട്ടടുത്ത് താമസിക്കുന്ന അയല്‍ക്കാരിയുടെ 17 വയസ്സുള്ള മകന് ഒരു കഞ്ചാവ് ചെടി വളര്‍ത്തുന്നു. ഞങ്ങളുടെ പുറകുവശത്തെ മുറ്റം വേര്‍തിരിക്കാത്തതിനാല്‍ അവരുടെ മുറ്റത്തേക്ക് കയറുന്നതിന് യാതൊരു വിലക്കുമില്ല. ഞാന്‍ ഇല മണത്ത് കഞ്ചാവാണന്ന് ഉറപ്പുവരുത്തി! ചെടി ഭാര്യയെ കാണിച്ച് അതിന്റെ ഗുണഗണങ്ങള്‍ പറഞ്ഞപ്പോള്‍ അവളാകെ അസ്വസ്ഥത പ്രകടിപ്പിക്കുന്നു. കഞ്ചാവുചെടി കാണുമ്പോള്‍ അസ്വസ്ഥത ആകുന്ന ഭാര്യ അതൊന്നു വലിച്ചാല്‍ ഉണ്ടാകുന്ന സ്ഥിതിവിശേഷം എന്തായിരിക്കും! വിവരം അയല്‍വക്കത്തെ ചേട്ടത്തിയോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് എല്ലാം അറിയാം, ഇവിടെ, വീട്ടില്‍ അനുവദിച്ചില്ലെങ്കില്‍ അവന് പുറത്തുപോയി ഇതിലും വീര്യം കൂടിയത് എടുക്കും. ഇത് വളര്‍ത്തുന്നതും ഉപയോഗിക്കുന്നതും ഓസ്ട്രിയയില്‍ നിയമപരമാണ്, ഞങ്ങള്‍ക്കറിയാം! ഇടക്കിടെ ഇതിന്റെ ഇല ഉണങ്ങി തെറുത്തു വലിക്കുന്നു. കഞ്ചാവിന്റെ ‘ഗുമഗുമ’ ഗന്ധം ഞങ്ങളുടെ മുറിയിലേക്കും എത്തുന്നു! ഭൈവമേ! ഞാനാകെ ഞെട്ടിത്തരിച്ചുപോയി. മയക്കുമരുന്ന് ഉപയോഗവും കഞ്ചാവ് ചെടി വളര്‍ത്തുന്നതും ഓസ്ട്രിയായില്‍ കുറ്റകരമല്ലെന്ന വിവരം എനിക്ക് അറിയില്ലായിരുന്നു!
2016ന് ശേഷം നിയമത്തില്‍ അയവു വരത്തിയതാണ്. മയക്ക് മരുന്ന് പലവിധമുണ്ട്; marijuana , cannabis, hashish, synthetic drugs, etc. Cannabis, hemp ഇവയൊന്നും വളര്‍ത്തുന്നതും വലിക്കുന്നതും കുറ്റകരമല്ല! ഓസ്ട്രീയായില് മയക്കുമരുന്നു ചെടികളുടെ കൃഷിയുമുണ്ട്. ഇപ്പോള്‍ കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ ഉള്ള എക്സ്ക്ല്യൂസീവ് ഷോപ്പുകളും തുറന്നിട്ടുണ്ട്. കൂടുതലും മരുന്നുകള്‍ക്കാണ്.
കഴിഞ്ഞദിവസം ഓ മൈ ഹെല്‍ത്ത് ‘Oh My Health’ – ല്‍ (ഫേസ്ബുക്ക് ) ബ്രസീലിലെ ഒരു ചിത്രം കാണുവാനിടയായി. സിന്തറ്റിക് ഡ്രഗ്സ് എടുത്തിട്ട് മനുഷ്യര്‍ കാണിക്കുന്ന കോപ്രായങ്ങളും മരണവെപ്രാളവും! കണ്ടാല്‍ പെറ്റതള്ള സഹിക്കില്ല. പലരാജ്യങ്ങളിലും നിയമം വ്യത്യസ്തമാണ്. ലഹരി കുറഞ്ഞ വസ്തുക്കളാണ് അനുവദിനീയം 0.2 to 0.3 THC or CBD. 1 percent വരെ അനുവദിക്കുന്നു രാജ്യങ്ങളുമുണ്ട്.
അമേരിക്കയിലെ പല സ്റ്റേറ്റും, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, ജര്‍മ്മനി അങ്ങനെ പല രാജ്യങ്ങളും മയക്ക്മരുന്ന് ഉപയോഗിക്കുന്നത് കുറ്റകരമല്ലന്ന് നിയമനിര്‍മാണം നടത്തിയിരുന്നു! രസകരമായ മറ്റൊരു വിവരം ഞാനറിഞ്ഞത് മോര്‍ഫിനില്‍ നിന്നും പലതരത്തിലുള്ള മരുന്നുകുള് ഉണ്ടാക്കുന്നത് pain relief, stress, drowsiness, മുതലായ കാര്യങ്ങള്‍ക്കു വേണ്ടിയാണങ്കിലും പലരും ഇത് ദുരുപയോഗം ചെയ്യുന്നുണ്ടന്നാണ്.
പഠനത്തിന്റെ അലസ്സത മാറാന്‍, കുടുതല്‍ നേരം ഡിസ്കോ ഡാന്‍സ് കളിച്ച് പിടിച്ചു നില്ക്കാന്, കാമകേളി ഒന്ന് കൊഴിപ്പിക്കാന്‍, അങ്ങനെ ഡ്രഗ്സ് എടുക്കുന്നത് പലര്‍ക്കും പല ആവശ്യത്തിനാണു്. ഉപയോഗിക്കുന്ന സാധനം ഏന്താണന്നുപോലും അറിയാതെ ഉള്ള അമിതഉപയോഗം വളരെ അപകടകരമാണ്. ശര്‍ദ്ദി, ശ്വാസതടസം, അമിതമായ ബ്ലഡ് പ്രഷര്‍, കോമായില്‍ എത്തി മരണംവരെ സംഭവിക്കുന്നു!
വീര്യം കുറഞ്ഞ marijuana, cannabis അതുപോലുളവ മിതമായി കഴിക്കുമ്പോള്‍ മദ്യത്തേക്കാള്‍ കൂടിയ ഒരു തരിപ്പ്, ഒരു സുഖം ഉണ്ടാകും. മയക്കുമരുന്നും മദ്യവും കൂടിയാകുമ്പോള്‍ ജീവിതം ചിലപ്പോള്‍ കൈവിട്ടുപോകും! ക്ഷീണം മാറ്റാനും ഉല്ലാസത്തിന് ആക്കം കൂട്ടാനും കഴിക്കുന്ന മയക്കുമരുന്ന് ജീവിതം തകിടം മറിക്കും. സാധാരണ മദ്യം കഴിക്കുന്നത് പോലെയോ എനര്‍ജി ഡ്രിങ്ക് അകത്താക്കുന്നതുപോലെയോ ഉള്ള ഗൗരവത്തിലാണ് ന്യൂജന്‍ (പുതുതലമുറ) ഇത് പരീക്ഷിക്കുന്നത്.
വാരാന്ത്യത്തില്‍ നടക്കുന്ന ബര്‍ത്ത്ഡേ പാര്‍ട്ടി, ഡിസ്കോ, നൈറ്റ് സ്ലീപ്ഓവര്‍ ഈ അവസരങ്ങളില്‍ ചെറുപ്പക്കാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് നിത്യസംഭവമാണെന്നാണ് അറിയുന്നത്. അമിതമായി മദ്യമോ, ചെറിയ തോതില്‍ മയക്കുമരുന്നോ ഉപയോഗിക്കേണ്ടിവരുമ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ കഴിക്കാതെ സുബോധം ഉള്ളവനായി ഇരിക്കണമെന്ന് ഒരു ഒരു നിയമം അല്ലെങ്കില്‍ ഒരു നാട്ടുനടപ്പ് പാശ്ചാത്യരാജ്യങ്ങളിലെ കൂട്ടുകാര്‍ക്കിടയില്‍ ഉണ്ട്! അവരാണ് പാര്‍ട്ടി കഴിഞ്ഞ് അവശരായവരെ വീട്ടില്‍ എത്തിക്കേണ്ടത്. പാര്‍ട്ടി കഴിഞ്ഞ് ക്ഷീണിച്ച് തളര്‍ന്നുപോയ പല കുട്ടികളുടേയും കാര്യം കാര്ന്നോമ്മാര് കേട്ടിട്ടുണ്ടായിരിക്കും. നമ്മളാരും അത് ഗൗരവമുള്ളതായി എടുത്തിട്ടില്ല.
ആംസ്റ്റര്‍ഡാമിലെ കോഫിഷോപ്പില്‍, (coffeeshop – (no space in between) സാധാരണ കാപ്പി കുടിക്കുന്ന Coffee shop അല്ല , പതിനെട്ടു വയസ്സിനുമുകളിലുള്ള ആര്‍ക്കും നിയമപരമായി സാധനങ്ങള്‍ മേടിക്കാം, വലിക്കാം. ഒരുദിവസം 5 ഗ്രാമില്‍ കൂടുതല്‍ മേടിക്കാന്‍ അനുവാദമില്ല. കോഫിഷോപ്പ് ധാരാളമുള്ളത് അവിടുത്തെ ചുവന്ന തെരുവിലാണ്. തലയ്ക്ക് ലഹരി പിടിച്ച്, സമനിലതെറ്റി, ഉന്മാദത്തിലായ ചെറുപ്പക്കാര്‍ കണ്ണാടി കൂട്ടിലിരിക്കുന്ന സുന്ദരിയെ ഒന്ന് പ്രാപിക്കണം എന്നുകരുതുന്നത് അവരുപോലും അറിയാതെയായിരിക്കും.
ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത് സൈക്കോആക്ടീവ് (psychoactive substances) അടങ്ങിയ വിലകുറഞ്ഞ വീര്യം കൂടിയ സിന്തറ്റിക് ഡ്രഗ് ആണ്. പല വിധത്തില്‍ ഉള്ളത്, ചൈനയില്‍ നിന്നും യൂറോപ്പിലെ ഈസ്റ്റേണ്‍ ബ്ലോക്കില്‍ നിന്നുമാണ് യൂറോപ്പിലേക്ക് ഇവ കൂടുതല്‍ വരുന്നത്. ഇത് വലിച്ചാല്‍ മനുഷ്യന്റെ സമനില തെറ്റും; സെന്‍ട്രല്‍ നെര്‍വ്സ് സിസ്റ്റം തകരും; ആ വ്യക്തി ചെയ്യുന്നുത് എന്താണ് എന്ന് അവന് അറിയാതെ ആകും; ഹാലൂസിനേഷന് നിലയില്‍ എത്തും; നമുക്ക് ചിന്തിക്കുന്നതിനുള്ള ശക്തി നഷ്ടപ്പെടും; മൂഡില്‍ മാറ്റം ഉണ്ടാകും; ഹൈപ്രഷര്‍ ഉണ്ടാകും; ഹാര്‍ട്ടറ്റാക്ക് ഉണ്ടാകാം; മരണം സംഭവിക്കും! താന്‍ ചെയ്യുന്ന പ്രവര്‍ത്തി എന്താണെന്ന് അറിയാതെയാണ് ഡ്രഗ്സ് അകത്തുചെന്ന ആളുകള്‍ പല കുറ്റകൃത്യങ്ങളിലും അകപ്പെടുന്നത്. കൊലപാതകം, അടിപിടി, അഭ്യാസവേലകള്. അറിയാതെ അകത്ത് ചെല്ലുന്ന മയക്കുമരുന്നിന്റെ അളവ് കൂടിയാല്‍ മരണം, അത് ആത്മഹത്യയോ ആത്മഹൂതി ആയി കണക്കാക്കാം. കുലീന കുടുംബത്തില്പ്പെട്ടവര്, സമൂഹത്തില്‍ വിലയും നിലയുമുള്ളവര്‍, യൂറോപ്പിലും അമേരിക്കയിലും വന്ന് സാമ്പത്തികചുറ്റുപാട് മെച്ചപ്പെട്ടവരൊക്കെ തന്റെ മക്കള്‍ ഇത്തരം ആപത്തുകളില്‍ പെടുമ്പോള്‍ ആരോടും പറയാന്‍പോലും അഭിമാനം സമ്മതിക്കുന്നില്ല.
നമ്മള് കരുതുന്നതിലും അപകടം പിടിച്ചതാണ് മയക്കുമരുന്ന്. നമ്മുടെ കുട്ടികള്‍ ചെറിയ തോതിലും വലിയതോതിലും ഇത് എടുക്കാന്‍ സാധ്യതയുണ്ട് എന്ന് കരുതി വേണ്ടവിധത്തില്‍ നിരീക്ഷിക്കുന്നതും, അവരുമായി ഒരു ചര്‍ച്ചനടത്തുന്നതും ഇതിന്റെ ദോഷവശങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതും വളരെ നല്ലതാണ്. അതുകൊണ്ട് നമ്മുടെ മക്കള്‍ ഏതെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നത് നല്ലതാണ്. എന്റെ വല്യമ്മ പറയുന്നതുപോലെ ‘വന്നതില്‍ അല്ലാ കാര്യം, വരാതെ സൂക്ഷിക്കണം’.
English: Danger of Drugs Consumption/