പുതുവര്‍ഷത്തില്‍ പെട്രോളും ഡീസലും താഴേയ്ക്ക് തന്നെ ; എണ്ണവില ഇടിവ് തുടരുന്നു
ആഗോള വിപണിയില്‍ എണ്ണവില ഇടിവ് തുടരുന്നു. അസംസ്‌കൃത എണ്ണവില ഇടിയുകയും വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരേ രൂപ സ്ഥിരത കൈവരിക്കുകയും ചെയ്തതോടെയാണ് ഇന്ധനവില വന്‍തോതില്‍ കുറഞ്ഞത്. 2018-ലെ അവസാനദിനമായ തിങ്കളാഴ്ച കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 70.56 രൂപയും ഡീസല്‍ 66.26 രൂപയുമായി കുറഞ്ഞു. ഇതോടെ, പെട്രോള്‍ വില 2018-ലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഒരു വര്‍ഷംകൊണ്ട് 19 ശതമാനം ഇടിഞ്ഞിട്ടുണ്ട്. എന്നാല്‍, തിങ്കളാഴ്ച വില നേരിയ തോതില്‍ കയറി. 54 ഡോളര്‍ നിലവാരത്തിലാണ് വിലയിപ്പോള്‍. രണ്ടു വര്‍ഷം തുടര്‍ച്ചയായി വില ഉയര്‍ന്ന ശേഷമാണ് 2018-ല്‍ വില താഴ്ന്നിരിക്കുന്നത്. ഈ വര്‍ഷം ഒരവസരത്തില്‍ വില വീപ്പയ്ക്ക് 86.74 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. വില 100 കടക്കുമെന്ന് പോലും കരുതിയതാണെങ്കിലും ആഗോള വിപണിയില്‍ ലഭ്യത ഉയര്‍ന്നതോടെ വില താഴുകയായിരുന്നു.
ഒക്ടോബര്‍ 18 മുതല്‍ രാജ്യത്തും ഇന്ധന വില തുടര്‍ച്ചയായി കുറയുകയായിരുന്നു. രണ്ടര മാസം കൊണ്ട് പെട്രോളിന് 13 രൂപയിലേറെയും ഡീസലിന് 11 രൂപയിലേറെയും കുറഞ്ഞിട്ടുണ്ട്.