മകരവിളക്ക് ; ശരണംവിളികളാൽ മുഖരിതമായി സന്നിധാനം

വിവാദങ്ങള്‍ കൊണ്ടു നിറഞ്ഞ ഒരു തീര്‍ഥാടനകാലത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ദിവസങ്ങളായി പര്‍ണശാലകള്‍ കെട്ടി കാത്തിരുന്ന ഭക്തലക്ഷങ്ങളാണ് മകരജ്യോതി കണ്ട് തൊഴുതത്. അതേ സമയം പൊന്നമ്പലമേടിന്റെ ആകാശത്ത് മകരസംക്രമനക്ഷത്രവും തെളിഞ്ഞു.

വൈകിട്ട് ആറേകാലോടെ തിരുവാഭരണം സന്നിധാനത്തെത്തി. മരക്കൂട്ടത്ത് വൈകിട്ട് അഞ്ചരയോടെ എത്തിയ തിരുവാഭരണഘോഷയാത്രയെ എക്‌സിക്യൂട്ടീവ് ഓഫീസറും ദേവസ്വംബോര്‍ഡ് പ്രസിഡന്റും ഉള്‍പ്പടെയുള്ളവര്‍ ഏറ്റുവാങ്ങി.

പതിനെട്ടാം പടിയിലെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് ദീപാരാധനയ്ക്കായി നട അടച്ചു.

ഭക്തരുടെ തിരക്ക് കാരണം നിലയ്ക്കല്‍ ബേസ് ക്യാംപ് നിറഞ്ഞുകവിഞ്ഞ നിലയിലാണ്. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തര്‍ എത്തിയിരിക്കുന്നത്.

ഇക്കൊല്ലം മകരസംക്രമപൂജയ്ക്കുള്ള മുഹൂര്‍ത്തം വൈകിട്ട് 7.52-നാണ്. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് ദൂതന്‍ വഴി എത്തിച്ച അയ്യപ്പമുദ്രയിലെ നെയ്യാണ് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നത്. ഇതിനായി തിരുവാഭരണം അഴിച്ചുമാറ്റി വീണ്ടും ചാര്‍ത്തിയാണ് പൂജ നടത്തുക.

പന്തളം കൊട്ടാരത്തില്‍ നിന്നുമുള്ള തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തിയ ശേഷമായിരുന്നു മകരജ്യോതി ദര്‍ശനംമകരജ്യോതി കാണാന്‍ എട്ടിടങ്ങളിലാണ് കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നത്. സൂര്യന്‍ ധനുരാശിയില്‍ നിന്നു മകരം രാശിയിലേക്കുമാറുന്ന സക്രമ മുഹൂര്‍ത്തത്തില്‍ ശബരീശന് സംക്രമാഭിഷേകം നടക്കും.

മകരജ്യോതിയോടനുബന്ധിച്ച് പമ്പയിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷക്കുമായി പമ്പയില്‍ മാത്രം 1600 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പമ്പയില്‍ ആഴം കൂടിയ ഇടങ്ങളില്‍ സ്നാനം നടത്തുന്നതിന് ഭക്തര്‍ക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.