തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ പങ്ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത്ത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് മുകുള്‍ റോയ്‌ക്കെതിരേ പോലീസ് കേസെടുത്തു. കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചതിന് പിന്നാലെയാണ് പോലീസിന്റെ നടപടി. മമത ബാനര്‍ജിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയ നേതാവാണ് മുകുള്‍ റോയ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയുമായിരുന്നു അദ്ദേഹം.

അതേസമയം, ബിശ്വാസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ജയ്പാല്‍ഗുരിയിലെ ഭുല്‍ബാരിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അജ്ഞാതന്‍ നിറയൊഴിച്ചത്. പോയിന്റ് ബ്ലാങ്കില്‍നിന്നാണ് അക്രമി അദ്ദേഹത്തിനെതിരെ നിരവധി തവണ നിറയൊഴിച്ചത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ബിശ്വാസിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയാണ് ബിശ്വാസ്.