തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയി എംപി സ്ഥാനം രാജിവെച്ചു;ബിജെപിയില്‍ ചേരുമെന്ന് സൂചന

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായിരുന്ന മുകുള്‍ റോയി എം.പി സ്ഥാനം രാജിവെച്ചു. 20 വര്‍ഷമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു ഇദ്ദേഹം. ഇന്ന് ഉച്ചക്ക് ശേഷമാണ് മുകുള്‍ റോയി തന്റെ രാജി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൈമാറിയത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജിവെക്കുന്നത് വളരെ വേദനയോടെയാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, ബി.ജെ.പിയിലേക്ക് ചേക്കേറുന്നതിനു മുന്നോടിയായാണ് മുകുള്‍ റോയ് രാജി വെക്കുന്നതെന്നാണ് തൃണമൂലിനോട് അടുത്ത വൃന്ദങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ അരുണ്‍ ജെയ്റ്റ്ലി, കൈലാഷ് വിജയ്വര്‍ഗിയ തുടങ്ങിയ നേതാക്കളുമായി അദ്ദേഹം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് പുതുമയുള്ള കാര്യമല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. മുകുള്‍ റോയിയെ പാര്‍ട്ടിയില്‍ നിന്ന് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുമെന്നുള്ള സൂചനകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി മുമ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം രാജി വെച്ചത്.