ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വിജയം; ബംഗാളില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍

കൊല്‍ക്കത്ത: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ നിയമസഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി പാര്‍വതി ദാസിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബസന്ത് കുമാറിനെ 2405 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബിജെപി എംഎല്‍എയുടെ മരണത്തെ തുടര്‍ന്നായിരുന്നു മണ്ഡലത്തില്‍ ഉപതെരഞ്ഞുടപ്പ് നടന്നത്.

ബംഗാളിലെ ദുപ്ഗുരി നിയമസഭാ മണ്ഡലം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി സ്ഥാനാര്‍ഥി തപാസ് റോയിയെ 4383 വോട്ടുകള്‍ക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍മ്മല്‍ ചന്ദ്രറോയ് പരാജയപ്പെടുത്തിയത്.

ബിജെപി എംഎല്‍എ ബിഷ്ണു പാദ റോയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ ബിഷ്ണുപാദ റോയി 4300 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂല്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. സിപിഎം സ്ഥാനാര്‍ഥിയാണ് മൂന്നാം സ്ഥാനത്ത്.

ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും ബിജെപിക്കു ജയം. ധന്‍പുര്‍, ബോക്‌സാനഗര്‍ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്.ബോക്‌സാനഗറില്‍ ബിജെപിയുടെ തഫാജല്‍ ഹുസൈന്‍ 30,237 വോട്ടിനു ജയിച്ചു. സിപിഎമ്മിന്റെ മിസാന്‍ ഹുസൈനെയാണ് ബിജെപി സ്ഥാനാര്‍ഥി തോല്‍പ്പിച്ചത്. തഫാജല്‍ ഹുസൈന് 34,146 വോട്ടു കിട്ടിയപ്പോള്‍ സിപിഎമ്മിന് 3909 വോട്ടു മാത്രമേ നേടാനായുള്ളൂ. സിപിഎം എംഎല്‍എയുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.ധന്‍പുരില്‍ ബിജെപി സ്ഥാനാര്‍ഥി ബിന്ദു ദേബാനാഥ് 18,871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്. ദേബാനാഥിന് 30,017 വോട്ടും സിപിഎമ്മിലെ കൗശിക് ചന്ദയ്ക്ക് 11,146 വോട്ടും കിട്ടി.