രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞാല്‍ പ്രശ്നം തീരുമായിരുന്നു: ബിജെപി

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്നുള്ള കോടതിവിധിയില്‍ സ്റ്റേ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെ രാഹുലിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ബിജെപി രംഗത്ത്. അധിക്ഷേപിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും രാഹുല്‍ ഗാന്ധിയുടെ ശീലമായി മാറിയിരിക്കുന്നുവെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും ലോക്‌സഭാ എംപിയുമായ രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. മറ്റുള്ളവര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തുന്നതില്‍ രാഹുല്‍ ഒരു ”പരമ്പര കുറ്റവാളി”യാണെന്നും രാഹുല്‍ മാപ്പ് പറഞ്ഞിരുന്നെങ്കില്‍ വിഷയം അവസാനിക്കുമായിരുന്നുവെന്നും രവി ശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.

‘കോണ്‍ഗ്രസിനോട് ഒരു കാര്യം ചോദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്-നിങ്ങള്‍ക്കെന്തുകൊണ്ടാണ് രാഹുലിനെ നിയന്ത്രിക്കാന്‍ സാധിക്കാത്തത്? മര്യാദയോടെ സംസാരിക്കാന്‍ രാഹുലിനെ ശീലിപ്പിക്കാത്തതെന്തുകൊണ്ടാണ്? രാഹുല്‍ നിങ്ങളുടെ നേതാവാണ്. രാഹുല്‍ മാപ്പ് പറഞ്ഞിരുന്നുവെങ്കില്‍ ഈ വിഷയം എന്നേ അവസാനിക്കുമായിരുന്നു. അധിക്ഷേപിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും രാഹുലിന്റെ പതിവായി മാറിയിരിക്കുകയാണ്. പ്രമുഖ നേതാക്കള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും ഏറ്റവും മോശമായ അധിക്ഷേപങ്ങള്‍ രാഹുല്‍ തുടരുകയാണ്’, രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
‘സത്യമേവ ജയതേ (സത്യം മാത്രമേ ജയിക്കൂ)’ എന്നാണ് രാഹുലിനെതിരെ സൂറത്ത് കോടതിയില്‍ അപകീര്‍ത്തിപരാതി നല്‍കിയ പൂര്‍ണേഷ് മോദിയുടെ പ്രതികരണം. ‘കോടതിയുടെ ഉത്തരവ് എല്ലാവരും സ്വാഗതം ചെയ്യേണ്ടതുണ്ട്. രാഹുല്‍ ഗാന്ധി ഞങ്ങളുടെ കുടുംബപ്പേരിനെയാണ് അപമാനിച്ചത്. ഇതിനെക്കുറിച്ച് രാഹുല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുത്’, ബിജെപി എംഎല്‍എ കൂടിയായ പൂര്‍ണേഷ് മോദി കൂട്ടിച്ചേര്‍ത്തു.

സെഷന്‍സ് കോടതിയ്ക്ക് പിന്നാലെ കോണ്‍ഗ്രസിന് സ്വന്തം പ്രതിച്ഛായ തിരിച്ചറിയാനുള്ള അവസരം ഹൈക്കോടതിയും നല്‍കിയിരിക്കുകയാണെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. പിന്നാക്ക വിഭാഗത്തെ അപമാനിക്കുകയും മാപ്പ് പറയാന്‍ പോലും കൂട്ടാക്കാതെ ധാര്‍ഷ്ട്യത്തോടെ പെരുമാറുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും പൂനവാല കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്നും പൂനവാല ആവശ്യപ്പെട്ടു. ജഡ്ജിയെ ഭീഷണിപ്പെടുത്തുകയോ നിയമവ്യവസ്ഥയെ ചോദ്യംചെയ്യുകയോ ആണ് കോണ്‍ഗ്രസ് ചെയ്തുവരുന്നതെന്നും പൂനവാല കുറ്റപ്പെടുത്തി.