‘ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ താമര വിരിഞ്ഞു’: പശ്ചിമ ബംഗാളിലെ ഉജ്ജ്വല വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: പശ്ചിമ ബംഗാളിലെ ബിജെപിയുടെ പ്രകടനം ചരിത്രപരവും അഭൂതപൂര്‍വവുമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ താമര വിരിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതം എന്തുകൊണ്ടാണ് ജനാധിപത്യത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്നത് എന്ന് പശ്ചിമ ബംഗാളിലെ ജനങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്തതായും അദ്ദേഹം പറഞ്ഞു.

ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ താമര വിരിഞ്ഞു കഴിഞ്ഞുവെന്നും ഉത്തരാഖണ്ഡ്, യുപി, ഇപ്പോള്‍ പശ്ചിമ ബംഗാള്‍ എന്നിങ്ങനെ ഗംഗാ തീരത്തുള്ള എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ബിജെപി, എന്‍ഡിഎ സര്‍ക്കാരുകളാണ് അധികാരത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായുള്ള തപസ് ഫലം കാണുമ്പോഴുള്ള സന്തോഷം ഓരോ ബിജെപി പ്രവര്‍ത്തകന്റെയും മുഖത്ത് താന്‍ കാണുന്നുണ്ടെന്ന് മോദി പറഞ്ഞു. ഓരോ ബിജെപി കാര്യകര്‍ത്താവും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നുവെന്നും ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതം സര്‍ക്കാരിന്റെ നല്ല ഭരണത്തിനുള്ള തെളിവാണ്. ബിജെപി എവിടെയുണ്ടോ അവിടെ വികസനമുണ്ടെന്ന് ജനങ്ങള്‍ കാണുന്നു എന്നും എന്‍ഡിഎ സര്‍ക്കാര്‍ ജനങ്ങളുടെ വികസനത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുനല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

നേരത്തെ എക്സ് പ്ലാറ്റ്ഫോമിലൂടെയും പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. പശ്ചിമ ബംഗാളില്‍ താമര വിരിഞ്ഞു എന്ന് കുറിച്ച അദ്ദേഹം, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അവിസ്മരണീയമാണെന്നും ജനശക്തിയുടെയും വികസനത്തിന്റെയും വിജയമാണിതെന്നും വ്യക്തമാക്കി. ബംഗാളിലെ ജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും നിറവേറ്റാന്‍ പാര്‍ട്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.