കന്നി മത്സരത്തില്‍ റണര്‍-അപ്പായി ഐ.എസ്.സി. വിയന്ന ടൈറ്റന്‍സ്

വിയന്ന: ഓസ്ട്രിയ ലീഗ് മത്സരത്തില്‍ ആവേശകരമായ അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവില്‍, ഐ.എസ്.സി. വിയന്ന ടൈറ്റന്‍സ് രണ്ടാം സ്ഥാനം നേടി. ആദ്യാന്തം ആവേശം ഒരുത്തരിപോലും കുറയാതെ പൊരുതിയ ഫൈനലില്‍ അവസാന സെറ്റ് 15-13 എന്ന നിസാര വ്യത്യാസത്തില്‍ നഷ്ടമായതോടെ, ടൈറ്റന്‍സ് രണ്ടാം സ്ഥാനത്ത് എത്തുകയായിരുന്നു.

ഇരു ടീമുകളും തുല്യ ശക്തി പ്രകടിപ്പിച്ചതോടെ ഫൈനല്‍ ഏറ്റുമുട്ടല്‍ അവസാന നിമിഷം വരെ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു. അതുകൊണ്ടുതന്നെ അവസാന നിമിഷത്തെ ചില നിര്‍ണായക പോയിന്റുകള്‍ ടൈറ്റന്‍സിന്റെ വിജയം ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ടു.

പരിശീലന മത്സരത്തില്‍ ചെറിയ പരിക്കുകളോടെ പുറത്തിരുന്ന ക്യാപ്റ്റന്‍ ഇല്ലാതെയാണ് ടൈറ്റന്‍സിന്റെ പടയാളികള്‍ പോരിനിറങ്ങിയത്. അതേസമയം ടൈറ്റന്‍സ് പുറത്തെടുത്ത പോരാട്ടവീര്യം എതിരാളികളെ പല ഘട്ടങ്ങളിലും പ്രതിസന്ധിയിലാക്കി.

കഴിഞ്ഞ 45 വര്‍ഷമായി ഐ.എസ്.സി. വിയന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത് ആദ്യമാണ് ഒരു പുതിയ ക്ലബ് എന്ന നിലയില്‍ ഓസ്ട്രിയയിലെ പ്രൊഫഷണല്‍ ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതും കന്നിഅങ്കത്തില്‍ തന്നെ ഫൈനലില്‍ എത്തുന്നതും.

‘ഇതാണ് ഒരു ഫൈനലിന്റെ യഥാര്‍ത്ഥ സ്വഭാവം – അവസാന നിമിഷം വരെ ആവേശം നിറഞ്ഞു പോരാടുക, അവസാന വിസില്‍ വരെ നീണ്ട പോരാട്ടം ആര്‍ക്കു വഴങ്ങുമെന്നസസ്‌പെന്‍സ് പെര്‍ഫോമന്‍സ് കാഴ്ചവച്ചുവെന്നതാണ് ഒരു ടീം എന്ന നിലയില്‍ തങ്ങളെ ഈ സീസണിന്റെ ഫൈനലില്‍ എത്തിച്ചതെന്ന് മത്സരശേഷം ടൈറ്റന്‍സിന്റെ പ്രതിനിധി പറഞ്ഞു’.

വിയന്ന മലയാളികള്‍ ടീമിന് നല്‍കിയ വന്‍ പിന്തുണയ്ക്കും ലീഗ് സംഘാടകരോടും ടൈറ്റന്‍സ് നന്ദി അറിയിച്ചു.