ഡോ. ജോസ് കിഴക്കേക്കര മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല സമാപനം

വിയന്ന: 10 ടീമുകള്‍ മത്സരിച്ച ഡോ. ജോസ് കിഴക്കേക്കര മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് വിയന്നയില്‍ സമാപിച്ചു. മുന്‍ ഐ.എസ്.സി വിയന്ന അംഗവും, യുണിഡോ ഡയറക്ടര്‍ ജനറലിന്റെ മുന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസറുമായ ഡോ. ജെബമാലൈ വിനാഞ്ചിരാച്ചി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഡോ. ജോസ് കിഴക്കേക്കരയുടെ പത്‌നി കൊച്ചുത്രേസ്യ കിഴക്കേക്കര ഭദ്രദീപം തെളിയിച്ചു. ഐഎസ്സി വിയന്നയുടെ പ്രസിഡണ്ടും മുഖ്യസംഘാടകനായ ടെജോ കിഴക്കേക്കര എല്ലാ ടീമുകളെയും സ്വാഗതം ചെയ്യുകയും കളിക്കാരെ പരിചയപ്പെടുത്തുകയും, ചെയ്തു.

രണ്ടു ഗ്രൂപ്പുകളായി നടത്തിയ ആവേശകരമായ പോരാട്ടത്തില്‍ എല്ലാ ടീമുകളും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. മത്സരം കടുത്ത പോരാട്ടമായിരിക്കുമെന്ന് ഉദ്ഘാടന സെറ്റ് മുതല്‍ ഗ്രൂപ്പ്തല മത്സരങ്ങള്‍ തെളിയിച്ചു. ഐ.എസ്. സി വിയന്ന യൂത്ത് സ്റ്റാര്‍സ്സം എല്‍വിസി ലിവര്‍പൂളും ഗ്രൂപ്പ് എയില്‍ നിന്നുള്ള സെമിഫൈനലില്‍ ഏറ്റുമുട്ടി എല്‍വിസി ലിവര്‍പൂള്‍ ഫൈനലിലെത്തി. ഗ്രൂപ്പ് ബിയില്‍ കെവിസി ബര്‍മിംഗ്ഹാമും കെവിസി ഡബ്ലിനും തമ്മില്‍ നടന്ന മത്സരത്തില്‍ കെവിസി ബര്‍മിംഗ്ഹാമും ഫൈനലില്‍ എത്തി.

ശക്തമായ സ്‌പൈക്കുകളും മികച്ച കോര്‍ഡിനേറ്റഡ് ബ്ലോക്കുകളും, അവിശ്വസനീയമായ സേവുകളും പ്രദര്‍ശിപ്പിച്ചുകൊണ്ട് കാണികളെ കോരിത്തരിപ്പിച്ച ഫൈനല്‍ മത്സരത്തില്‍ കെ.വി.സി ബെര്‍മിംഗ്ഹാം വിജയികളായി. കെവിസി ഡബ്ലിന്‍ അയര്‍ലന്‍ഡ്, എല്‍വിസി ലിവര്‍പൂള്‍ യുകെ, കെവിസി ബര്‍മിംഗ്ഹാം യുകെ, ടീം കൊളോണ്‍ ജര്‍മനി, ഐഎസ്എഫ്വി ഫ്രാങ്ക്ഫര്‍ട്ട് ജര്‍മനി, മ്യൂണിച്ച് സ്ട്രൈക്കേഴ്സ് ജര്‍മനി, സുവേരി സ്പൈക്കേഴ്സ് സ്വിറ്റ്സര്‍ലന്‍ഡ്, ബ്ലോക്ക്ബസ്റ്റേഴ്സ് ബാസല്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഐഎസ്സി വിയന്ന, കിംഗ്സ് വിയന്ന യൂത്ത്, ഓസ്ട്രിയ തുടങ്ങിയ ടീമുകളാണ് ഒരു ദിവസം നീണ്ടുനിന്ന ടൂര്‍ണമെന്റില്‍ കാണികളെ ആവേശഭരിതരാക്കിയത്.

മികച്ച ഒഫന്‍ഡറായി അര്‍ജുന്‍ ശ്രീധറും (കെവിസി ബര്‍മിംഗ്ഹാം), മികച്ച ഡിഫന്‍ഡറായി രതീഷ് എബ്രഹാവും (കെവിസി ഡബ്ലിന്‍ അയര്‍ലന്‍ഡ്), മികച്ച ഓള്‍ റൗണ്ടറായി സാനി നായരും (എല്‍വിസി ലിവര്‍പൂള്‍) തിരഞ്ഞെടുക്കപ്പെട്ടു.

ജേതാക്കളോടൊപ്പം ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും ട്രോഫികള്‍ സമ്മാനിച്ചു. കൊച്ചുത്രേസ്യ കിഴക്കേക്കര, മുന്‍ ഐഎസ്സി താരങ്ങളും ഭാരവാഹികളുമായിരുന്ന ജോര്‍ജ് തട്ടില്‍, ജോസ് തൈലയില്‍, കുട്ടിയച്ചന്‍ മാരശ്ശേരില്‍, പോളി കിഴക്കേക്കര തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. മുന്‍ ഐഎസ്സി സൂപ്പര്‍താരങ്ങളായ ടിബി പുത്തൂരും, ഐഎസ്സി സീനിയര്‍ താരം സാബു തറപ്പേലും വ്യക്തിഗത അവാര്‍ഡുകള്‍ മികച്ച കളിക്കാര്‍ക്ക് സമ്മാനിച്ചു. യുഎന്‍ വിയന്ന വോളിബോള്‍ ക്ലബ്ബിന്റെ പ്രസിഡന്റ് ബോജന്‍ ഇവെസിക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ടൂര്‍ണമെന്റിന്റെ ഹൈലൈറ്റ് കാണാം