പ്രവാസി മാധ്യമരംഗത്ത് പുതുചരിത്രം കുറിച്ച് ‘ഡി മലയാളി’; ഒന്നാം വാര്‍ഷികാഘോഷം പ്രൗഢഗംഭീരം

പി പി ചെറിയാന്‍

ഡാലസ്: അമേരിക്കന്‍ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കും വേറിട്ട വാര്‍ത്താ സംസ്‌കാരത്തിനും തുടക്കമിട്ട ‘ഡി മലയാളി’ ഓണ്‍ലൈന്‍ ദിനപത്രത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം ഡാലസില്‍ പ്രൗഢഗംഭീരമായി നടന്നു. പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും വിവിധ സംഘടനാ നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. 2025 ഏപ്രില്‍ 13-ന് ഒരു ‘വിഷു കൈനീട്ടമായി’ വായനക്കാരിലേക്ക് എത്തിയ പത്രം, വെറും പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടുമുള്ള മലയാളികളുടെ വിശ്വസ്ത ശബ്ദമായി മാറിയതിന്റെ ആവേശത്തിലായിരുന്നു ആഘോഷങ്ങള്‍.

പ്രമുഖ പണ്ഡിതനും ചിന്തകനുമായ ഡോ. മാണി സ്‌കറിയ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. വന്‍കരകള്‍ക്കപ്പുറം മലയാളികളുടെ സ്വത്വത്തെയും പുതിയ തലമുറകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാംസ്‌കാരിക പാലമായി ഡി മലയാളി വളരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎസ് സിട്രസ് (US Citrus) സ്ഥാപകനും ടെക്‌സസ് എ ആന്‍ഡ് എം സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ എമിരറ്റസുമായ ഡോ. മാണി സ്‌കറിയയുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി. കാര്‍ഷിക-ശാസ്ത്ര മേഖലകളിലെ തന്റെ ദീര്‍ഘകാല അനുഭവസമ്പത്തും മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ സദസ്സിന് പ്രചോദനമായി.
ചീഫ് എഡിറ്റര്‍ പി. പി. ചെറിയാന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. കൃത്യമായ മാധ്യമ ധര്‍മ്മവും സത്യസന്ധതയുമാണ് പത്രത്തിന്റെ വിജയരഹസ്യമെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസഫ് നമ്പിമഠം വിശിഷ്ട അതിഥിയായിരുന്നു. സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകള്‍ക്കെതിരെ ഡി മലയാളി ഉയര്‍ത്തുന്ന പ്രതിരോധത്തെ മുഖ്യാതിഥിയായി പങ്കെടുത്ത 24 ന്യൂസ് പ്രതിനിധി പി. പി. ജെയിംസ് പ്രശംസിച്ചു.

തുടര്‍ന്ന് നടന്ന ആശംസ പ്രസംഗങ്ങളില്‍ ഷിജു എബ്രഹാം (KAD പ്രസിഡന്റ്),സാമൂവല്‍ യോഹന്നാന്‍ (LANA പ്രസിഡന്റ്),പി. സി. മാത്യു (ഗാര്‍ലാന്‍ഡ് സിറ്റി ടാക്‌സ് ഇന്‍ക്രെമെന്റ് ബോര്‍ഡ് മെമ്പര്‍),എബി തോമസ്, ജിജി സ്‌കറിയ,മാത്യു നൈനാന്‍ (ICEC പ്രസിഡന്റ്),ബാജി ഓടംവേലി (സെക്രട്ടറി, KLS),രാജു തരകന്‍ (എഡിറ്റര്‍, ഹെരാള്‍ഡ് എക്‌സ്പ്രസ്സ്),എസ്. പി. ജെയിംസ് (ദിവ്യ വാര്‍ത്ത),രാജു വര്‍ഗീസ്, ജിന്‍സ് മാടവനാ, രാജന്‍ തോമസ് ചിറ്റാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആഘോഷങ്ങള്‍ക്ക് മിഴിവേകി ഗായകര്‍ അവതരിപ്പിച്ച സംഗീത പരിപാടികള്‍ ചടങ്ങിനെ ഹൃദ്യമാക്കി. സിജു വി. ജോര്‍ജ് ചടങ്ങുകളുടെ അവതാരകനായി (MC) മികവുറ്റ രീതിയില്‍ പരിപാടി നിയന്ത്രിച്ചു. ഡി മലയാളി ടീമിനെ പ്രതിനിധീകരിച്ച് സാം മാത്യു, ബിജിലി ജോര്‍ജ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. പത്രത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.

കൂടുതല്‍ സാങ്കേതിക മികവോടെ വരും വര്‍ഷങ്ങളിലും ജനപക്ഷ വാര്‍ത്തകളുമായി മുന്നോട്ട് പോകുമെന്ന ഉറപ്പോടെ, അനശ്വര്‍ മാമ്പിള്ളി കൃതജ്ഞത രേഖപ്പെടുത്തിയതോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി.