ഐ.എസ്.സി വിയന്നയുടെ 45-ാം വാര്‍ഷിക ടൂര്‍ണമെന്റ് ജൂണ്‍ 13-ന്: യൂറോപ്പിലെ വിവിധ ടീമുകള്‍ പങ്കെടുക്കും
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ വോളിബോള്‍ ക്ലബ്ബായ ഐ.എസ്.സി. വിയന്നയുടെ (ISC Vienna) നേതൃത്വത്തില്‍ 45-ാം വാര്‍ഷിക ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ക്ലബ് സ്ഥാപിതമായിട്ട് 45 വര്‍ഷങ്ങള്‍ പിന്നിടുന്ന അവസരത്തില്‍ യൂറോപ്പിലെ മറ്റു കളിക്കാരെയും ടീമുകളെയും ആദരിക്കുന്നതോടൊപ്പം സ്വന്തം നേട്ടങ്ങളെയും, നീണ്ട നാല് പതിറ്റാണ്ടിന്റെ പാരമ്പര്യത്തെയും അനുസ്മരിപ്പിക്കുന്ന വേദിയാകും ഈ ടുര്‍ണമെന്റ്.
ജൂണ്‍ 13, 2026 (ശനിയാഴ്ച) നടക്കുന്ന അന്താരാഷ്ട്ര വോളിബോള്‍ ടൂര്‍ണമെന്റ് രാവിലെ 8 മണിക്ക് (09:00 AM) ആരംഭിക്കും. വിയന്നയിലെ ലീബല്‍ഗാസെ 4-ല്‍ (Lieblgasse 4, 1220 Wien) നടക്കും. ടൂര്‍ണമെന്റില്‍ ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ശക്തരായ ടീമുകള്‍ അണിനിരക്കും.
പ്രോസി എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റ് പ്രൈമം സ്‌പോണ്‍സറാകുന്ന ടൂര്‍ണമെന്റില്‍ ജെ.ജെ ഫെര്‍സിഹ്‌റുങ്, ജോസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റ്, എം.ടി.സി സൂപ്പര്‍ മാര്‍ക്കറ്റ്, കറി വൈബ്‌സ് റസ്റ്റോറന്റ് എന്നിവരും ഭാഗമാകും.
ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വോളീബോള്‍ മുന്നേറ്റത്തെ പിന്തുണയ്ക്കാനും, മത്സരം നേരിട്ട് കാണാനും ഒപ്പം ഗെരാസ്‌ഡോര്‍ഫെര്‍ മലയാളി ഫെറൈന്റെ (GMV) ഭക്ഷ്യമേളയില്‍ പങ്കെടുക്കാനും ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.









