കേരളം അഴിമതിയുടെ കൂത്തരങ്ങായി; അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി: അനില്‍ ആന്റണി

ന്യൂഡല്‍ഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. കേരളത്തിലെ സര്‍ക്കാര്‍ അഴിമതിയിലും വിഭാഗീയതയിലും മുങ്ങിക്കിടക്കുകയാണ്. ജനക്ഷേമത്തിന് മാറ്റം അനിവാര്യമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കി ബിജെപിയെ കേരളത്തിലെ ജനങ്ങള്‍ അധികാരത്തിലേറ്റുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു.

ഡല്‍ഹിയില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അനില്‍ ആന്റണി. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളും കുംഭകോണങ്ങളുമാണ് ഉണ്ടായത്. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതില്‍ പോലും അഴിമതിയുണ്ടായി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു പോലും പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നു. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയെന്നാണ് ആരോപണം.

ഏറ്റവും ഒടുവില്‍, മുഖ്യമന്ത്രിയുടെ മകള്‍ സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നു. ട്രേഡ് യൂണിയന്‍ നേതാക്കളും രാഷ്ട്രീയക്കാരും മാധ്യമസ്ഥാപനങ്ങളും പണം വാങ്ങിയവരുടെ കൂട്ടത്തിലുണ്ട്. സംസ്ഥാനത്ത് വര്‍ഗീയതയും വന്‍തോതില്‍ വര്‍ധിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന്, കേരളത്തില്‍ ഭരണമാറ്റം ഉണ്ടായേ തീരൂ. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയാണെന്നും അനില്‍ ആന്റണി പറഞ്ഞു.