അവാര്‍ഡില്‍ നിന്നും ദിലീപിനെ തഴഞ്ഞു ; സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ആരാധകര്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നടന്‍ ദിലീപിനെയും സിനിമയായ കമ്മാരസംഭവത്തെയും തഴഞ്ഞു എന്നാരോപിച്ച് ദിലീപിന്റെ ആരാധകര്‍ രംഗത്ത്. ദിലീപിന് പുരസ്‌കാരം നല്‍കിയാല്‍ രാഷ്ടീയ പ്രത്യാഘാതം ഉണ്ടാകുമെന്നും അക്കാദമിയിലെ ഒരു പ്രമുഖ വ്യക്തി നല്‍കിയ നിര്‍ദ്ദേശമാണിതെന്നും ദിലീപ് ആരാധകരുടെ ഫെയ്സ്ബുക്ക് പേജായ ദീലീപ് ഓണ്‍ലൈന്‍ ആരോപണം ഉന്നയിക്കുന്നു.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം ഏപ്രിലിലാണ് പുറത്തിറങ്ങിയത്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മുരളിഗോപി ആയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കമ്മാരസംഭവം പുറത്തിറങ്ങിയത്. നിലവില്‍ കമ്മാരസംഭവത്തിന് രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച കലാസംവിധാനത്തിന് വിനേഷ് ബംഗ്ലാലും മികച്ച വസ്ത്രാലങ്കാരത്തിന് സമീറ സനീഷും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

എന്നാല്‍ മികച്ച നടനുള്ള മത്സരപട്ടികയില്‍ ഒരിക്കല്‍ പോലും ദിലീപ് എത്തിയില്ല എന്നാണു ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ദിലീപിനെ ജൂറി മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നു എന്നുള്ളതിന് വ്യക്തമായ തെളിവാണ് ഇതെന്ന് ആരാധകര്‍ ആരോപിക്കുന്നു. വ്യതസ്തമായ മൂന്നു ഗെറ്റപ്പിലാണ് ദിലീപ് കമ്മാരസംഭവത്തില്‍ എത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

ജൂറിയില്‍ നടന്നത് എന്ത്?

ദിലീപിന് അവാര്‍ഡ് കൊടുക്കരുത് എന്ന് ആദ്യം മുതല്‍ തന്നെ ശക്തമായ നിര്‍ദേശം നല്‍കിയ ചലച്ചിത്ര അക്കാഡമിയിലെ പ്രമുഖ ആര്? ദിലീപിന് അവാര്‍ഡ് കൊടുത്താല്‍ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം.

കമ്മാര സംഭവം മത്സരിച്ചു ഒന്നാം സ്ഥാനത്തു എത്തിയത് 4 ക്യാറ്റഗറിയില്‍. മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധയകാന്‍, മികച്ച വസ്ത്രാലങ്കാരം, മികച്ച കല സംവിധാനം. എന്നാല്‍ കമ്മാര സംഭവത്തിന് 4 അവാര്‍ഡുകള്‍ നല്‍കിയാല്‍ അത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും എന്ന് പറഞ്ഞു 2 അവാര്‍ഡുകള്‍ വെട്ടി നിരത്തി. മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കപ്പെട്ട ആള്‍ മികച്ച സഹനടന്‍ ആയി.ജൂറിയില്‍ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും?