പുല്‍വാമ ആക്രമണത്തിന് ശേഷം മോദിയുടെ ജനപ്രീതി വര്‍ധിച്ചു
പുല്‍വാമ ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ധിച്ചെന്ന് സര്‍വേ ഫലം. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മോദിയുടെ മൂല്യം ഏഴ് ശതമാനം വര്‍ധിച്ചതായാണ് സര്‍വെ പോള്‍ റിപ്പോര്‍ട്ട്. ഫെബ്രുവരി അഞ്ച് മുതല്‍ 25 വരെയാണ് സര്‍വേ നടത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 52 ശതമാനവും മോദിയെ പിന്തുണയ്ക്കുന്നു. 27 ശതമാനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണ. മറ്റ് പ്രാദേശിക നേതാക്കള്‍ക്ക് ലഭിച്ചത് വെറും 7.3 ശതമാനം വോട്ടാണ്.
നേരത്തേ ജനുവരിയില്‍ നടത്തിയ വോട്ടെടുപ്പില്‍ 44.4 ശതമാനം പേരാണ് മോഡിയെ അനുകൂലിച്ചത്. 30 ശതമാനം രാഹുലിനെയും 13.8 ശതമാനം പ്രാദേശിക നേതാക്കളെയും അനുകൂലിച്ചിരുന്നു. നേതാവ് എന്ന നിലയില്‍ വിശ്വസ്തര്‍ കൂടിയിട്ടുണ്ടെങ്കിലും രാഹുലിനെ പിന്തുണച്ച് 43 ശതമാനം പ്രതികരിച്ചു.
ഈ തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ ചര്‍ച്ചയാകുക എന്ന് 40 ശതമാനം പ്രതികരിച്ചു. കര്‍ഷകര്‍ക്കുള്ള പദ്ധതിയാകും നിര്‍ണ്ണായകമാകുക എന്നതില്‍ പ്രതികരിച്ചത് 17.7 ശതമാനമാണ്. രാമക്ഷേത്രം പണിയുക എന്നത് തെരഞ്ഞെടുപ്പില്‍ വിഷയമാകുമെന്ന് പ്രതികരിച്ചത് 14 ശതമാനമാണ്.
അവസരങ്ങള്‍ ഉണ്ടാകുന്നതിനേക്കാള്‍ തൊഴില്‍ നഷ്ടം സംഭവിച്ചതായി 40 ശതമാനം പ്രതികരിച്ചു. സര്‍ക്കാര്‍ പുറത്തുവിടുന്ന കൃത്യമായ ഡേറ്റകളേക്കാള്‍ കുടുതലാണ് തൊഴിലില്ലായ്മയുടെ എണ്ണമെന്ന് 24 ശതമാനം പ്രതികരിച്ചു.
സ്ഥിരം തൊഴില്‍നഷ്ടമെന്ന് പ്രതികരിച്ചത് 36 ശതമാനമാണ്. അതേസമയം പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതി കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന് 30 ശതമാനം മാത്രമാണ് ചിന്തിക്കുന്നത്. രാജ്യത്തെ 690 കേന്ദ്രങ്ങളില്‍ 14,431 വോട്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്. 46 ശതമാനവും മോദി ഗവണ്മെന്റ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞപ്പോള്‍ 27 ശതമാനം പരമാവധി പാലിക്കപ്പെട്ടെന്ന് പറഞ്ഞു.