ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തിന് നന്ദി പറഞ്ഞ് ലേബര്‍ ചെയിമ്പറിന്റെ പുതിയ സാരഥികള്‍

വിയന്ന: ഓസ്ട്രിയയിലെ തൊഴിലാളി വര്‍ഗ്ഗത്തിനു വേണ്ടി സ്ഥാപിതമായിട്ടുള്ള സാമൂഹ്യ രാഷ്ട്രിയ സംഘടനയായ ആര്‍ബൈതര്‍ കാമറിലേയ്ക്കുള്ള (ലേബര്‍ ചെയിമ്പര്‍) തിരഞ്ഞെടുപ്പിന് ശേഷം നടന്ന നന്ദിപ്രമേയത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ച എഫ്.എസ്.ജി പാര്‍ട്ടി വോട്ടര്‍മാര്‍ക്ക് കൃതജ്ഞത അറിയിച്ചു. വിജയത്തോടെ ഓസ്ട്രിയയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്രിയ സംഘടനകളില്‍ എഫ്.എസ്.ജി ഒന്നാമതെത്തി.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഓസ്ട്രിയയുടെ തൊഴിലാളി സംഘടനയായ എഫ്.എസ്.ജി കഴിഞ്ഞ തവണ ലഭിച്ച (58.73%) വോട്ടുകളേക്കാള്‍ രണ്ടു ശതമാനം കൂടുതല്‍ വോട്ടുകളുമായി (60.08%) കേവല ഭൂരിപക്ഷത്തോടെയാണ് തുടര്‍ച്ചയായി അധികാരത്തിലെത്തുന്നത്. തുടര്‍ച്ചയായ വിജയവും ഓരോ തവണയും വര്‍ദ്ദിക്കുന്ന വിജയ ശതമാനവും എഫ്.എസ്.ജി പാര്‍ട്ടിയുടെയും വിശ്വാസ്യതയും സ്വീകാര്യതയും വിയന്നയിലെ തൊഴിലാളി വിഭാഗത്തില്‍ കൂടുതലാകുന്നു എന്നതിന്റെ തെളിവ് കൂടിയായി ഈ വിജയം.

‘തൊഴിലാളികളുടെ പാര്‍ലമെന്റ്’ എന്ന് വിശേഷിപ്പിക്കുന്ന ആര്‍ബൈതര്‍ കാമര്‍ തിരഞ്ഞെടുപ്പ് എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴാണ് നടക്കുന്നത്. ഓസ്ട്രിയയില്‍ ജോലിചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കാനും, തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയും നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആര്‍ബൈതര്‍ കാമര്‍. എഫ്.എസ്.ജിയെ വിജയിപ്പിക്കാന്‍ പങ്കുവഹിച്ച ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തിന് മലയാളികളില്‍ നിന്നും മത്സരിച്ചു ജയിച്ച സജി മതുപുറത്ത് നന്ദി പറഞ്ഞു.