തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി ഇന്ന് കേരളത്തില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ . വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ പ്രധാനമന്ത്രി എത്തില്ല. പകരം ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ മാസം പതിനാറിന് വയനാട്ടിലെത്തും.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് കണ്ടാല്‍ പാക്കിസ്ഥാനാണോ എന്ന് തോന്നുമെന്നതടക്കം ബിജെപി നേതാക്കള്‍ നടത്തി കൊണ്ടിരിക്കുന്ന തുടര്‍ച്ചായ വിവാദ പരമാര്‍ശങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലാണ് മോദി പങ്കെടുക്കുന്നത്. വടകര, കോഴിക്കോട്, മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കുക. ഹിന്ദു ഭൂമിപക്ഷ മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഒളിച്ചോടിയെന്ന തന്റെ നേരത്തെയുള്ള വിമര്‍ശനം കോഴിക്കോടും പ്രധാനമന്ത്രി ആവര്‍ത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ശബരിമല വിഷയത്തിലുള്ള മേല്‍കൈ തെരഞ്ഞെടുപ്പില്‍ നേട്ടമാക്കാനിറങ്ങുന്ന ബിജെപി പ്രധാനമന്ത്രിയെ ശബരിമലയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളിലും പ്രധാനമന്ത്രി എത്തില്ല.

ഇതിനിടെ ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിനെ കോഴിക്കോട്ടെ പ്രധാനമന്ത്രിയുടെ പരിപാടിയിലെത്തിച്ച് പൊതുപര്യടനം ശക്തമായി തുടരാനും ബിജെപി നേതാക്കള്‍ ആലോചിക്കുന്നുണ്ട്.