തിരഞ്ഞെടുപ്പ് ജയിക്കാന്‍ മോദി സര്‍ക്കാര്‍ പൂഴ്ത്തി വെച്ച റിപ്പോര്‍ട്ട് പുറത്തു
തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മോദി സര്‍ക്കാര്‍ തൊഴിലില്ലായ്മയെപ്പറ്റിയുള്ള പൂഴ്ത്തി വെച്ച റിപ്പോര്‍ട്ട് പുറത്ത്. ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന കാലത്ത് 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുണ്ടായിരുന്നതെന്ന റിപ്പോര്‍ട്ടിനാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ സര്‍ക്കാരും നീതി ആയോഗും ഇത് നിഷേധിച്ചിരുന്നു.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റത്തിന് തൊട്ടുപിന്നാലെയാണ് തൊഴില്‍മന്ത്രാലയം പൂഴ്ത്തിവെച്ച കണക്കുകള്‍ പുറത്തുവിട്ടത്. ദേശീയ സാംപിള്‍ സര്‍വേ ഓഫീസിന്റെ 2017- 18 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം 6.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 5.3 ശതമാനവും നഗരങ്ങളിലെ തൊഴിലില്ലായ്മ 7.8 ശതമാനവുമാണ്.
ദേശീയ സ്റ്റാറ്റസ്റ്റിക്കല്‍ കമ്മിഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് മുന്‍പ് ഔദ്യോഗികമായി പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി. മോഹനന്‍, കമ്മിഷന്‍ അംഗം ജെ.വി. മീനാക്ഷി എന്നിവര്‍ രാജിവച്ചിരുന്നു.