യുവതിയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞ കേസില്‍ നടന്‍ വിനായകന് ജാമ്യം

യുവതിയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന പരാതിയില്‍ നടന്‍ വിനായകന് ജാമ്യം. രാവിലെ അഭിഭാഷകര്‍ക്കൊപ്പം കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ ഹാജരായ വിനായകനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

കഴിഞ്ഞ മാസം വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ നടന്‍ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്തെന്ന കോട്ടയം പാമ്പാടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. യുവതിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. റെക്കോര്‍ഡ് ചെയ്ത വിനായകന്റെ ഫോണ്‍ സംഭാഷണവും പൊലീസിന് യുവതി നല്‍കിയിരുന്നു.

അഭിഭാഷകനൊപ്പമാണ് വിനായകന്‍ കല്‍പ്പറ്റ സ്റ്റേഷനിലെത്തിയത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. യുവതിയെ ശല്യപ്പെടുത്തരുതെന്ന് പൊലീസ് വിനായകന് നിര്‍ദേശം നല്‍കി. യുവതിയോടല്ല ആദ്യം ഫോണില്‍ വിളിച്ച പുരുഷനോടാണ് സംസാരിച്ചതെന്ന് വിനായകന്‍ പൊലീസിന് മൊഴി നല്‍കി.

കഴിഞ്ഞ ഏപ്രില്‍മാസം വയനാട്ടില്‍ ദളിത് പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത കല്‍പ്പറ്റ പോലീസ് സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. ഐപിസി 509, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കേട്ടാലറയ്ക്കുന്ന ഭാഷയില്‍ വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്. ഇതിന്റെ ഫോണ്‍ രേഖകളും തെളിവായി അന്വേഷണ സംഘത്തിന് യുവതി നല്‍കി. ഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ തെളിവുകള്‍ സൈബര്‍ സെല്‍ വഴി ശേഖരിക്കുന്നുണ്ട്. വിനായകനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് യുവതി ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.