കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലും അച്ഛന്റെ പേര് ബിനോയ് , കുരുക്കുകള്‍ മുറുകുന്നു
യുവതിയുടെ പീഡനപരാതിയില്‍ ബിനോയ് കൊടിയേരിയുടെ കുരുക്ക് മുറുകുന്നു. യുവതിയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ് കോടിയേരിയെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പാസ്പോര്‍ട്ടിനും ബാങ്ക് രേഖകള്‍ക്കും പുറമേ ബിഹാര്‍ സ്വദേശിയായ യുവതിയുടെ കുഞ്ഞിന്റെ അച്ഛന് ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന രേഖയാണ് പുറത്ത് വന്നിരിക്കുന്നത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റാണ് ബിഹാര്‍ സ്വദേശിയായ യുവതി പുറത്തു വിട്ടിരിക്കുന്നത്. ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേര് ‘Mr. ബിനോയ് വി. ബാലകൃഷ്ണന്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ രേഖകളെല്ലാം ബിനോയ് കോടിയേരിക്ക് എതിരായി തിരിയുകയാണ്. ഇന്ന് മുംബൈയിലെ ദിന്‍ദോഷി സെഷന്‍സ് കോടതി ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബിനോയിക്കെതിരായ പുതിയ രേഖകള്‍ പുറത്തു വരുന്നത്.
യുവതിയുടേത് പണം തട്ടാനുള്ള ശ്രമമാണെന്നും കുഞ്ഞ് തന്റേതല്ലെന്നുമുള്ള നിലപാടില്‍ ബിനോയ് കോടിയേരി ഉറച്ചു നില്ക്കുന്ന സാഹചര്യത്തില്‍ യുവതി നല്കിയ പാസ്പോര്‍ട്ടിലെ വിവരങ്ങളും നിര്‍ണായകമായേക്കാം.
ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോട്ടലിലും ഫ്ലാറ്റിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ വാദവും പരാതിക്കാരി തള്ളിയിരുന്നു. ബിനോയിയുടെ അമ്മയും കോടിയേരിയുടെ ഭാര്യയുമായ വിനോദിനി തന്നെ കാണാന്‍ മുംബൈയില്‍ വന്നിരുന്നുവെന്ന് അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങള്‍ അയച്ചതിന്റെ രേഖകള്‍ കുടുംബം പുറത്തുവിട്ടിരുന്നു. 2009 മുതല്‍ 2018 വരെ ബിനോയ് തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. പരാതിക്കാരിയായ യുവതി ബാര്‍ ഡാന്‍സ് ജീവനക്കാരിയാണ്.