കര്‍ണ്ണാടകയിലെ സര്‍ക്കാരിന്റെ രാഷ്ട്രീയ ഭാവി ഇങ്ങനെ

‘ഓപ്പറേഷന്‍ താമര’ പൊളിഞ്ഞെന്നും സത്യം ജയിച്ചുവെന്നും കര്‍ണാടക കോണ്‍ഗ്രസ് പറയുന്നുണ്ട് എങ്കിലും കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവി അത്ര സുരക്ഷിതമല്ല.

വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി ഉത്തരവില്‍ കോണ്‍ഗ്രസ് സന്തുഷ്ടരാണ്. എന്നാല്‍ രാജിവച്ച 15 വിമത എംഎല്‍എമാര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കുമാരസ്വാമി സര്‍ക്കാറിന് നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ആ നിലയ്ക്ക്, സത്യത്തിന്റെ ഈ ജയം കോണ്‍ഗ്രസിന് എത്രമാത്രം പ്രയോജനം ചെയ്യുമെന്നകാര്യ0 വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിലാണ് വ്യക്തമാവുക.

ഇന്നത്തെ സുപ്രീംകോടതി വിധിയില്‍ പ്രയോജനം ലഭിച്ചിരിക്കുന്നത് സ്പീക്കര്‍ക്കും വിമത എംഎല്‍എമാര്‍ക്കുമാണ്. വിമതരുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് സമയം ലഭിച്ചപ്പോള്‍, നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആരും നിര്‍ബന്ധിക്കില്ല എന്ന ആനുകൂല്യം വിമതര്‍ക്ക് ലഭിച്ചു.

ഇന്ന് സുപ്രീംകോടതിയില്‍നടന്ന നിര്‍ണ്ണായക വിധി പ്രസ്താവനയില്‍ സ്പീക്കറുടെ അധികാര പരിധിയില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും അനുയോജ്യമായ സമയത്തിനുള്ളില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

കര്‍ണാടകയിലെ നിലവിലുള്ള രാഷ്ട്രീയ സ്ഥിതി :-

ആകെയുള്ള സീറ്റ് 224
വിമതര്‍ 15
പിന്നീട് അവശേഷിക്കുന്നത് 209
ഭൂരിപക്ഷത്തിന് വേണ്ടത് 105
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം 101 അംഗങ്ങള്‍. അതായത് ഭൂരിപക്ഷത്തിന് 4 അംഗങ്ങള്‍ കുറവ്.

അതേസമയം, ബിജെപിയുടെ പക്കല്‍ 105 അംഗങ്ങളാണ് ഉള്ളത്. കൂടാതെ 2 സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിക്കുമ്പോള്‍ അകെ അംഗങ്ങള്‍ 107 ആയി ഉയരും.

അതായത് നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ വിമത എംഎല്‍എമാരുടെ പങ്ക് വളരെയേറെ നിര്‍ണ്ണായകമാണ് എന്ന് ചുരുക്കം.

എന്നാല്‍, യാതൊരു കാരണവശാലും സഭയില്‍ എത്തില്ല എന്നും വിശ്വാസ വോട്ടെടുപ്പിന് നിയമസഭയിലേക്ക് പോകുന്ന പ്രശ്നമേയില്ല എന്നും ചില വിമത എംഎല്‍എമാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഭൂരിപക്ഷം നഷ്ടപ്പെട്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ ഏതുവിധേനയും അധികാരത്തില്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമം ഇപ്പോഴും തുടരുകയാണ്. വിമതരെ വീണ്ടും പാളയത്തില്‍ തിരിച്ചെത്തിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം പാളുന്നതായി വേണം കരുതാന്‍. പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷ നല്‍കിയ എം.ടി.ബി നാഗരാജും കെ സുധാകറും വീണ്ടും വിമത പക്ഷത്ത് ചേര്‍ന്നതോടെ കോണ്‍ഗ്രസിന്റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചിരിയ്ക്കുകയാണ്.

നിലവിലെ രാഷ്ട്രീയ സ്ഥിതി അനുസരിച്ച് വ്യാഴാഴ്ച വരെ സര്‍ക്കാരിന് സമയമുണ്ട്.