തീരാതെ കര്’ നാടകം ; വിശ്വാസവോട്ടെടുപ്പിനുള്ള ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ തള്ളി
ഇനിയും തെളിയാതെ കലങ്ങി മറിഞ്ഞു ഒഴുകുകയാണ് കര്‍ണ്ണാടകയെ ബാധിച്ച രാഷ്ട്രീയ പ്രളയം. കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ തള്ളിയതോടെ ഉടനെയൊന്നും ഇതിനൊരു അവസാനം ഇല്ല എന്ന് വ്യക്തമായി.
ഗവര്‍ണറുടെ നിര്‍ദേശം തള്ളി വിശ്വാസ വോട്ടിലേക്ക് കടക്കാതെ ഇന്ന് സഭ പിരിഞ്ഞു. വിഷയം സഭ നാളെ വീണ്ടും പരിഗണിക്കും. വിശ്വാസവോട്ടെടുപ്പില്‍ ചര്‍ച്ച നാളെയും തുടരും. അതേസമയം, വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി സഭയ്ക്കുള്ളില്‍ ധര്‍ണ നടത്തുകയാണ്.
വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപിയും നടത്താനാവില്ലെന്ന് കോണ്‍ഗ്രസും നിലപാടെടുത്തു. തുടര്‍ന്ന് കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങള്‍ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. വിശ്വാസവോട്ടെടുപ്പ് നടത്തുന്ന കാര്യത്തില്‍ നിയമോപദേശം തേടാനാണ് സ്പീക്കറുടെ തീരുമാനം. സമ്മര്‍ദ്ദത്തിന് വഴങ്ങി തീരുമാനം എടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
കര്‍ണാടകയില്‍ വിശ്വാസവോട്ട് ഇന്നു തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് ശുപാര്‍ശ കത്ത് നല്‍കിയിരുന്നു. ഇതിനെ എതിര്‍ത്ത് കോണ്‍ഗ്രസും രംഗത്തെത്തി. നിയമസഭയില്‍ സ്പീക്കര്‍ക്കാണ് അധികാരമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചു. 20 പേര്‍കൂടി സംസാരിക്കാനുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. വിശ്വാസവോട്ടെടുപ്പിന്റെ നടപടിക്രമങ്ങള്‍ ഇന്നുതന്നെ അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയും ആവശ്യപ്പെട്ടു.
വോട്ടെടുപ്പ് നടക്കുന്നത് വരെ ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ തുടരുമെന്ന് ബി എസ് യെദ്യൂരപ്പ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ക്ക് താല്പര്യം ഇല്ലെന്നു ബിജെപി ഗവര്‍ണറെ അറിയിച്ചതായും വിവരമുണ്ട്. സഭ നാളെ രാവിലെ 11ന് വീണ്ടും ചേരും.