പിരിവെടുത്തു വാങ്ങുന്ന കാറ് വേണ്ട എന്ന് രമ്യാ ഹരിദാസ് എം.പി
തനിക്ക് വേണ്ടി യൂത്ത് കോണ്‍ഗ്രസുകാര്‍ പിരിവെടുത്തു വാങ്ങിയ കാര്‍ വേണ്ട എന്ന് രമ്യാ ഹരിദാസ് എം.പി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് രമ്യ ഇക്കാര്യം അറിയിച്ചത്. എന്നെ ഞാനാക്കിയ എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസമെന്നും കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേര്‍ക്കുന്നുവെന്നും രമ്യയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയത് വിവാദങ്ങള്‍ക്ക് കാരണമായതോടെയാണ് രമ്യ ഹരിദാസ് ഇത്തരത്തില്‍ ഒരു നിലപാട് എടുത്തത്. കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ അനുസരിക്കുന്നുവെന്നും പൊതുജീവിതം സുതാര്യമാകണമെന്നാണ് ആഗ്രഹമെന്നും അറിയിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ്യ ഹരിദാസ് നിലപാട് വ്യക്തമാക്കിയത്.
രമ്യ വിയോജിപ്പ് അറിയിച്ചതോടെ പിരിവെടുത്തു കാര്‍ വാങ്ങാനുള്ള തീരുമാനം യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിക്കും. എന്നെ ഞാനാക്കിയ എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസമെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ, ഒരു യൂത്ത് കോണ്‍ഗ്രസുകാരി എന്ന നിലയില്‍ ജീവിതത്തില്‍ ഏറെ അഭിമാനകരമായ നിമിഷമാണിത് എന്നാണ് കാര്‍ വാങ്ങുന്നതിനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനത്തെ കുറിച്ച് രമ്യ പ്രതികരിച്ചത്. ഇത് ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ്. ആലത്തുകാരിലേക്ക് എത്രയും വേഗം ഓടിയെത്തുക എന്നതാണ് തന്റെ ചുമതല.
എംപിയെ സഹായിക്കുക എന്നതിലുപരി അങ്ങനെ ഒരു ആവശ്യത്തിന് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നു എന്നതില്‍ അഭിമാനിക്കുന്നു. ആലത്തൂരിലെ സാധാരണക്കാര്‍ അവര്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത ആലത്തൂരിലെ ഒരു സാധാരണക്കാരിയാണ് താനെന്നും രമ്യ പറഞ്ഞിരുന്നു.
ജീവിതത്തില്‍ ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നു പോയ തനിക്ക് അല്‍പ്പമെങ്കിലും ആശ്വാസവും സ്നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളിലാണെന്നും അവിടെ തന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് വ്രതവും ശപഥവുമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രമ്യാ ഹരിദാസ് എംപിക്ക് 14 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി തീരുമാനിച്ചിരുന്നത്.