തനിക്ക് ഗുരുതര കരള്‍ രോഗമായ ലിവര്‍ സിറോസിസ് എന്ന വെളിപ്പെടുത്തലുമായി അമിതാഭ് ബച്ചന്‍
ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന് ഗുരുതര കരള്‍ രോഗമായ ലിവര്‍ സിറോസിസ്. അമിതാഭ് ബച്ചന്‍ തന്നെയാണ് തന്റെ കരള്‍ 75 ശതമാനം പ്രവര്‍ത്തനരഹിതമാണെന്നും 25 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും വെളിപ്പെടുത്തിയത്. പന്ത്രണ്ട് ശതമാനം പ്രവര്‍ത്തിക്കുന്ന കരളുമായി പ്രതിസന്ധികളെ അതിജീവിച്ചവരുണ്ടെന്നും അമിതാഭ് ബച്ചന്‍ പറയുന്നു.
മദ്യപിക്കുന്നവര്‍ക്കാണ് പ്രധാനമായും ലിവര്‍ സിറോസിസ് ബാധിക്കുന്നത്. എന്നാല്‍ മദ്യപനല്ലാത്ത അമിതാഭ് ബച്ചന് രോഗം പിടിപ്പെട്ടത് സിനിമയോടുള്ള അടങ്ങാത്ത അര്‍പ്പണ ബോധം കാരണമാണ്. ഷൂട്ടിംഗ് സമയത്തു ഉണ്ടായ ഒരു പരിക്കാണ് ബച്ചനെ അസുഖക്കാരനാക്കിയത്. 1982 ല്‍ ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റി രക്തം വാര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബച്ചന് അറുപതോളം കുപ്പി രക്തം വേണ്ടിവന്നു. ആ രക്തത്തിലൂടെ പകര്‍ന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ലിവര്‍ സിറോസിസിന് കാരണമായതെന്ന് ബച്ചന്‍ പറയുന്നു.
സാധാരണ നിലയില്‍ മദ്യപാനമാണ് ഗുരുതര കരള്‍ രോഗമായ സിറോസിസിന് കാരണമാകുന്നത്. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഫാറ്റി ലിവര്‍, ചില മരുന്നുകളുടെ അമിത ഉപയോഗം എന്നിവ മൂലവും ലിവര്‍ സിറോസിസ് വരാം. കരളിലെ നല്ല കോശങ്ങളുടെ സ്ഥാനത്ത് ഫൈബ്രൈസിസ്, വീങ്ങിയ കോശങ്ങള്‍, സ്റ്റാര്‍ ടിഷ്യുകള്‍, കേടായ കോശങ്ങള്‍ തുടങ്ങിയവ രൂപപ്പെട്ട് കരള്‍ ദ്രവിക്കുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്. അസുഖക്കാരന്‍ ആണെങ്കിലും ഇപ്പോഴും സിനിമകളില്‍ സജീവമാണ് 77 കാരനായ ബച്ചന്‍.