മഞ്ജുവിനെ സഹായിക്കാന്‍ വിളിച്ചു പറഞ്ഞത് ദിലീപ് : ഹൈബി ഈഡന്‍ എംപി

പ്രളയത്തില്‍ അകപ്പെട്ട മലയാളി താരം മഞ്ജു വാര്യരെ രക്ഷിക്കണം എന്ന് തന്നോട് ആവശ്യപ്പെട്ടത് നടന്‍ ദിലീപ് എന്ന് ഹൈബി ഈഡന്‍ എംപി. മഞ്ജു വാര്യരും സംഘവും ഉത്തരേന്ത്യയില്‍ പ്രളയത്തില്‍ അകപ്പെട്ട സംഭവം തന്നെ വിളിച്ചറിയിക്കുന്നത് ദിലീപെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. മഞ്ജുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ദിലീപ് അവശ്യപ്പെട്ടതായും ഹൈബി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍ന്ന് താന്‍ കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം പിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഹൈബി ഈഡന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സനില്‍ കുമാര്‍ ശശിധരന്റെ ‘കയറ്റം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഛത്രുവില്‍ എത്തിയതായിരുന്നു മഞ്ജുവും സംഘവും. ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം മഞ്ജു ഉള്‍പ്പെടെയുള്ളവര്‍ ഛത്രുവില്‍ കുടുങ്ങുകയായിരുന്നു. മഞ്ജുവും സംഘവും ഛത്രുവില്‍ എത്തിയിട്ട് മൂന്നാഴ്ചയായി. പ്രളയത്തില്‍ അകപ്പെട്ടതായി സഹോദരന്‍ മധു വാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ മഞ്ജു അറിയിക്കുകയായിരുന്നു.

അതേസമയം, മഞ്ജുവിനേയും സംഘത്തേയും രക്ഷപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു. നിലവില്‍ ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ കഴിയുന്ന സംഘം സുരക്ഷിതരാണെന്നാണ് വിവരം. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കി. സംഘത്തെ മണാലിയിലേക്ക് മാറ്റാനുള്ള നടപടികളും തുടങ്ങി.