അസമിലെ അന്തിമ പൗരത്വ രജിസ്റ്റര്‍ ; പത്തൊന്‍പത് ലക്ഷത്തിലധികം പേര്‍ ഇന്ത്യക്കാര്‍ അല്ലാതായി

അസമിലെ അന്തിമ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പത്തൊന്‍പത് ലക്ഷത്തിലധികം പേര്‍ പട്ടികയ്ക്ക് പുറത്തായി. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേര്‍ രജിസ്റ്ററില്‍ ഉള്‍പ്പെട്ടു. എന്നാല്‍ പട്ടികയ്ക്ക് പുറത്തുപോയവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്. 120 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.

അസമില്‍ കനത്ത സുരക്ഷയ്ക്കിടെ വെബ്സൈറ്റിലൂടെയാണ് പൗരത്വ രജിസ്റ്റര്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. 3,11,29004 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടികയില്‍ നിന്നും പുറത്തായവരില്‍ അധികവും സ്ത്രീകളാണെന്നാണ് വിവരം. പട്ടികയില്‍ പേരുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ സേവാ കേന്ദ്രങ്ങളിലാണ് അവസരം. പേര് ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ ആറ് മാസമാണ് അവസരമുള്ളത്.

http://www.nrcassam.nic.in എന്ന വെബ്‌സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടിക പ്രകാരം 3 കോടി 11 ലക്ഷം അതായത് 3,11,21,004 ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 19 ലക്ഷത്തിലധികം അതായത് 19,06,657 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസമില്‍ ഇപ്പോള്‍ താമസിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ടെന്നു തെളിയിക്കുന്നതാണ് ഈ പൗരത്വ രജിസ്റ്റര്‍. ഒരു വര്‍ഷം മുന്‍പാണ് ആദ്യമായി പൗരത്വ രജിസ്റ്റര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്.

2013 ലാണ് ദേശീയ പൗരത്വ പട്ടിക പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. കഴിഞ്ഞ ജൂലൈ 30 നകം പട്ടിക പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ദേശീയ പൗരത്വ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30 ന് പ്രസിദ്ധീകരിച്ച ആദ്യകരട് പട്ടികയില്‍ നിന്ന് ധാരാളം പേര്‍ പുറത്തായതായി. 2019 ജൂണ്‍ 26 ന് രണ്ടാം കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു ലക്ഷത്തോളം പേര്‍ പട്ടികയില്‍ ഇടം കിട്ടിയില്ല.

അന്ന് 3.28 പേര്‍ പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും അതില്‍ 2.89 പേര്‍ക്ക് മാത്രമാണ് കരട് പട്ടികയില്‍ ഇടം നേടാനിടയത്. 41 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്തായിരുന്നു. പിന്നീട് നടത്തിയ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയില്‍ നിന്നാണ് 19.06 ലക്ഷം പേര്‍ പുറത്തായത്.