ഡോക്ടറെ ആക്രമിച്ച കേസ് ; ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കോവിഡ് കെയര്‍ സെന്ററിലെ ജൂനിയര്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. അസമിലെ ഹൊജായ് ജില്ലയിലെകോവിഡ് കെയര്‍ സെന്ററിലെ ഡോക്ടറാണ് ആക്രമണത്തിന് ഇരയായത്. ചികിത്സയില്‍ കഴിയുന്ന ഡോക്ടറെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സന്ദര്‍ശിച്ചു. ജോലിക്കിടെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ പ്രതിനിധി സംഘവുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. രോഗികളുടെ ബന്ധുക്കളില്‍ നിന്നും ഡോക്ടര്‍മാര്‍ക്കെതിരെ അടുത്തിടെ ഉണ്ടായ ആക്രമണ സംഭവങ്ങള്‍ ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയെക്കുറിച്ച് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) ആസാം ചീഫ് സെക്രട്ടറി, പോലീസ് ജനറല്‍, അസം സര്‍ക്കാര്‍ എന്നിവരോട് നിര്‍ദ്ദേശിച്ചിരുന്നു. നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. അസമിലെ ഹൊജായ് ജില്ലയിലെ ഒഡാലി കോവിഡ് -19 കെയര്‍ സെന്ററില്‍ രോഗി മരിച്ചതിനെത്തുടര്‍ന്നാണ് യുവ ഡോക്ടറെ ജനക്കൂട്ടവും ബന്ധുക്കളും ക്രൂരമായി മര്‍ദ്ദിച്ചത്. ഡോ. സ്യൂജ് കുമാര്‍ സേനാപതി എന്ന ഡോക്ടറാണ് മര്‍ദ്ദനത്തിനിരയായത്.