കേരളത്തില്‍ പനി കണക്കുകള്‍ ഉയരുന്നു ; രോഗികള്‍ക്ക് ആന്റി ബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന നിര്‍ദ്ദേശവുമായി ഡോക്ടര്‍മാരോട് ഐഎംഎ

സംസ്ഥാനത്ത് പനി, ചുമ, ഓക്കാനം, ഛര്‍ദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ധനവുണ്ടായതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ”അണുബാധ സാധാരണയായി അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കും. മൂന്ന് ദിവസത്തിന് ശേഷം പനി മാറും, എന്നാല്‍ ചുമ മൂന്നാഴ്ച വരെ നീണ്ടുനില്‍ക്കും. എന്‍സിഡിസിയില്‍ നിന്നുള്ള വിവരമനുസരിച്ച്, ഈ കേസുകളില്‍ ഭൂരിഭാഗവും H3N2 ഇന്‍ഫ്‌ലുവന്‍സ വൈറസാണ്.” ഐഎംഎ പറഞ്ഞു. എന്നിരുന്നാലും ആന്റിബയോട്ടിക്ക് ചികിത്സ പരമാവധി കുറയ്ക്കണമെന്ന് ഡോക്ടമാര്‍ക്ക് ഐഎംഎ നിര്‍ദ്ദേശം നല്‍കി.

രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സ മാത്രം നല്‍കണമെന്നും ഐഎംഎ ഡോക്ടര്‍മാരോട് നിര്‍ദേശിച്ചു. ജനങ്ങള്‍ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് വര്‍ധിക്കുകയാണ്. ഇത് കാരണമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഐഎംഎ മുന്നറിയിപ്പ് നല്‍കി. ഇത് ഭാവിയില്‍ മരുന്ന് ഫലിക്കാത്ത പ്രശ്നമുണ്ടാക്കുമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ഒരു കാരണവശാലും ആന്റിബയോട്ടിക്കുകള്‍ സ്വയം വാങ്ങിക്കഴിക്കരുതെന്നും ഐഎംഎ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതു സാധാരണ ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെ കണ്ടുവരാറുള്ള ജലദോഷവും ചുമയുമാണ്. 50 വയസിനു മുകളിലും 15 വയസില്‍ താഴെയും ഉള്ളവരിലാണ് സാധാരണ അണുബാധ കാണപ്പെടുന്നത്.

പനിക്കൊപ്പം ശ്വാസസംബന്ധമായ പ്രശ്‌നങ്ങളും കാണുന്നു. വായുമലിനീകരണമാണ് ഇതിന് കാരണം. ചില അവസ്ഥകള്‍ക്കായി മറ്റ് നിരവധി ആന്റിബയോട്ടിക്കുകള്‍ ദുരുപയോഗം ചെയ്യപ്പെടുകയും രോഗികള്‍ക്കിടയില്‍ പ്രതിരോധം വളര്‍ത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന്, 70% വയറിളക്ക കേസുകളും വൈറലാണ്, ഇതിന് ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ല, പക്ഷേ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. അമോക്‌സിലിന്‍, നോര്‍ഫ്‌ലോക്‌സാസിന്‍സ സിപ്രോഫ്‌ലോക്‌സാസിന്‍, ഒഫ്‌ലോക്‌സാസിന്‍, ലെവ്ഫ്‌ലോക്‌സാസിന്‍ എന്നിവ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു”. ”കോവിഡ് സമയത്ത് അസിത്രോമൈസിന്‍, ഐവര്‍മെക്റ്റിന്‍ എന്നിവയുടെ വ്യാപകമായ ഉപയോഗം ഇതിനകം കണ്ടു, ഇതും പ്രതിരോധത്തിലേക്ക് നയിച്ചു,” ഐഎംഎ പറയുന്നു,