കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര കോടതിയെ സമീപിക്കാനാകില്ല

കാശ്മീര്‍ വിഷയത്തില്‍ പാക് സര്‍ക്കാരിന് തിരിച്ചടി. വിഷയത്തില്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്. നിയമവശങ്ങള്‍ പരിശോധിക്കുന്നതിനായി പാക് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും ഇന്ത്യക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കശ്മീരില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐക്യരാഷ്ട സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും നിരാകരിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ ആവശ്യപ്പെട്ടാലേ മധ്യസ്ഥതയുള്ളു എന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് സെക്രട്ടറി ജനറല്‍ വ്യക്തമാക്കിയത്.

വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാമെന്ന് വ്യക്തമാക്കിയിരിക്കുന്ന റിപ്പോര്‍ട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമര്‍പ്പിച്ചു. യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് കശ്മീര്‍ വിഷയത്തില്‍ സംഘടിപ്പിച്ച നയപ്രഖ്യാപന റാലിയില്‍ പറഞ്ഞ ഇമ്രാന്‍ ഖാന്‍ കശ്മീരിനുവേണ്ടി അവസാനംവരെ പോരാടുമെന്നും വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍എസ്എസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഇമ്രാന്‍ ഹിറ്റ്ലര്‍ ജര്‍മനിയില്‍ നടപ്പാക്കിയതുപോലുള്ള അജണ്ടകളാണ് ആര്‍എസ്എസ് ബിജെപി സര്‍ക്കാരിലൂടെ നടപ്പാക്കുന്നതെന്നും പറഞ്ഞു.