പാലാ തിരഞ്ഞെടുപ്പ് ; പ്രചാരണം അവസാന ഘട്ടത്തില്‍ ; ക്ഷണിച്ചില്ലെങ്കില്‍ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് വിഭാഗം

പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍. പ്രചാരണം ചൂട് പിടിപ്പിക്കാന്‍ മുന്‍നിര നേതാക്കളും കളത്തിലിറങ്ങുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് യുഡിഎഫ് കുടുംബയോഗങ്ങളില്‍ പങ്കെടുക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയുടെയും വാഹന പ്രചാരണവും ഇന്ന് തുടരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് ഇടത് പ്രചാരണ യോഗത്തിനെത്തും.

അതേസമയം ക്ഷണിച്ചില്ലെങ്കില്‍ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ രംഗത്തു വന്നു. പി.ജെ ജോസഫ് പങ്കെടുത്ത യുഡിഎഫ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി ജോസ് ടോം പങ്കെടുക്കാതിലും ജോസഫ് പക്ഷം അമര്‍ഷം പരസ്യമാക്കി. എന്നാല്‍ പ്രചാരണത്തിരക്ക് മൂലമാണ് ജോസ് ടോം യോഗത്തില്‍ എത്താതിരുന്നതെന്ന് ജോസ് കെ മാണി വിശദീകരിച്ചു.

ഒറ്റക്കെട്ടെന്ന പ്രയോഗം പാലായില്‍ പ്രാവര്‍ത്തികമാകാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കിയാണ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് രംഗത്തെത്തിയത്. പിജെ ജോസഫ് എത്തുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും, മറ്റ് പ്രചാരണ പരിപാടികളില്‍ ക്ഷണം കിട്ടിയിട്ടില്ല. അറിയിക്കാത്ത പരിപാടി അന്വേഷിച്ച് കണ്ടെത്തി പങ്കെടുക്കില്ലെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. മണ്ഡലത്തില്‍ നടന്ന യുഡിഎഫ് നേതൃയോഗത്തില്‍ സ്ഥാനാര്‍ത്ഥി എത്താത്തത് കരുതിക്കൂട്ടിയാണെന്ന് സൂചന നല്‍കുന്നതായിരുന്നു സജിയുടെ പ്രതികരണം. ഇതുവരെ ജോസ് ടോം ജോസഫിനെ കാണാന്‍ എത്താത്തതിലും അതൃപ്തി പരസ്യമാക്കി.

എന്നാല്‍ പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആത്മാര്‍ത്ഥമായി പങ്കെടുക്കുമെന്നാണ് പി ജെ ജോസഫ് പറയുന്നത്. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പി ജെ ജോസഫ് പറഞ്ഞു. വരുന്ന പതിനെട്ടാം തീയതി പാലയില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പി ജെ ജോസഫ് പങ്കെടുക്കും.