വീണ്ടും ഉപതെരഞ്ഞെടുപ്പ് കാഹളം ; പോരാട്ടം 11 ജില്ലയിലെ തദ്ദേശ വാര്‍ഡുകളില്‍

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വീണ്ടും ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അംഗങ്ങളുടെ ഒഴിവ് വന്ന 29 തദ്ദേശ വാര്‍ഡുകളില്‍ നവംബര്‍ 9 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. പതിനൊന്ന് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 14 ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക 21 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 22 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. പത്രിക 25 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ നവംബര്‍ 10 ന് രാവിലെ 10 മണിക്ക് നടത്തും.

ഇതുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധകമായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. മുനിസിപ്പാലിറ്റികളില്‍ ആ വാര്‍ഡില്‍ മാത്രവും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകമാകുക. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ജില്ലാ പഞ്ചായത്തില്‍ 5000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ 4000 രൂപയും ഗ്രാമപഞ്ചായത്തില്‍ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പകുതി തുക മതിയാകും. അര്‍ഹതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫാറത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൂടി നല്‍കണം. തിരഞ്ഞെടുപ്പിനു വേണ്ടി അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 10 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്മീഷന്റെ www.lsgelection.kerala.gov.in ലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും അവ ലഭ്യമാണ്.