ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യതെളിവായ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ്‌തേടി മുഖ്യ കുറ്റാരോപിതനായ ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

അതുപോലെ ഹര്‍ജിയില്‍ കക്ഷിചേരാന്‍ ഇരയായ നടി നല്‍കിയ അപേക്ഷയും സുപ്രീംകോടതി പരിഗണിക്കും. ഇന്നലെയാണ് നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും ആവശ്യപ്പെട്ട് പരാതിക്കാരി അപേക്ഷ സമര്‍പ്പിച്ചത്.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ നടി ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പം ചില സുപ്രധാന രേഖകളും നിര്‍ണായക തെളിവുകളും നടി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് ഈ രേഖകള്‍ സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറിയത്.

ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക.

നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് തൊണ്ടി മുതലാണോ, കേസ് രേഖയാണോ എന്നതാണ്
കോടതിയുടെ മുന്നിലുള്ള പ്രധാന ചോദ്യം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയേക്കും.

അതേസമയം, മെമ്മറികാര്‍ഡ് കേസ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം.

അതിനിടെ, കേസ് അന്വേഷിച്ചിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ ബി.സന്ധ്യ ഐപിഎസ് ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇവര്‍ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. കേസുമായി ബന്ധപ്പെട്ട് നേരത്തെ നടി മുതിര്‍ന്ന അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയിരുന്നു.