ട്രംപിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചു മോദി ; പരക്കെ വിമര്‍ശനം

ഹൗഡി മോദി പരിപാടിയ്ക്കിടെ ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ വ്യാപകമായ വിമര്‍ശനമാണ് മോദിക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയാണ് തന്റെ ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെ കടുത്ത ഭാഷയില്‍ മോദിയെ വിമര്‍ശിച്ചത്.

‘അടുത്ത തവണയും ട്രംപ് ‘എന്ന മോദിയുടെ വാചകമാണ് വിമര്‍ശനങ്ങള്‍ക്ക് ആദാരം. അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരകനായല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് പോയതെന്ന് മോദി മനസിലാക്കണമെന്ന് അദ്ദേഹം തുറന്നടിച്ചു.

മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര തിരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന വിദേശ നയത്തെയാണ് മോദി ലംഘിച്ചതെന്നും ആനന്ദ് ശര്‍മ ട്വീറ്റ് ചെയ്തു.

ട്രംപിന് വേണ്ടി പ്രചരണം നടത്തിയത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പരമാധികാര ജനാധിപത്യ ബന്ധത്തിന് വിഘാതമാണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ സാന്നിധ്യം ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമാണെന്ന് പറഞ്ഞ മോദി ഒരിക്കല്‍ കൂടി ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകണമെന്ന് വ്യക്തമാക്കുകയായിരുന്നു.

അമേരിക്ക സന്ദര്‍ശിക്കുന്ന മോദിയെ വരവേല്‍ക്കാനായി ടെക്സാസിലെ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച പരിപാടിയാണ് ‘ഹൗഡി മോദി’. ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്ത പരിപാടിയാണ് ‘ഹൗഡി മോദി’.

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പങ്കെടുത്തു. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ 50,000 ഇന്ത്യന്‍ വംശജരാണ് പങ്കെടുത്തത്.

അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ‘ഹൗ ഡു യു ഡു’ എന്ന ഇംഗ്ലീഷ് അഭിവാദന വാക്യത്തെ ഹ്രസ്വമാക്കി ‘ഹൗഡി’ എന്ന് പ്രയോഗിക്കാറുണ്ട്.

ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പരിപാടിയ്ക്ക് ‘ഹൗഡി മോദി’ എന്ന് പേര് നല്‍കിയിരിക്കുന്നത്.