കശ്മീരില്‍ 144 പ്രായപൂര്‍ത്തിയാവാത്തവര്‍ തടങ്കലില്‍

പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ കാശ്മീരില്‍ കൊച്ചു കുട്ടികള്‍പോലും സുരക്ഷിതരല്ലെന്ന് റിപ്പോര്‍ട്ട്. ഒമ്പതും 11 ഉം വയസ്സ് പ്രായമുള്ള കുട്ടികള്‍ ഉള്‍പ്പെടെ കാശ്മീരില്‍ 144 പ്രായപൂര്‍ത്തിയാകാത്ത പൗരന്മാര്‍ തടങ്കലിലുണ്ടെന്നു സുപ്രീം കോടതി നിയോഗിച്ച സമിതി കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് പൗരന്മാരെ തടങ്കലില്‍ വെച്ചതായുള്ള പരാതികള്‍ അന്വേഷിക്കാനായി സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

പോലീസിനും സൈന്യത്തിനും നേരെ കല്ലെറിയുക, കലാപശ്രമം നടത്തുക, പൊതുമുതല്‍ നശിപ്പിക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് 144 പ്രായപൂര്‍ത്തിയാകാത്തവരെ തടങ്കലിലാക്കിയതെന്നാണ് സംസ്ഥാന പോലീസ് പറയുന്നത്. ഇവരെ സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

എന്നാല്‍ സംസ്ഥാന പോലീസിനെ കുറിച്ച് വന്ന പല മാധ്യമ റിപ്പോര്‍ട്ടുകളും പോലീസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഉള്ളവയാണെന്നു പോലീസ് പറഞ്ഞതായി കമ്മറ്റി വ്യക്തമാക്കി.

ബാലാവകാശ പ്രവര്‍ത്തകയായ ഏനാക്ഷി ഗാംഗുലി സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് സുപ്രീം കോടതി ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെ തലവനായുള്ള നാലംഗ സമിതിയെ അന്വേഷണത്തിനായി നിയമിച്ചത്. ജസ്റ്റിസ് എന്‍.വി രമണ, ആര്‍ സുബാഷ് റെഡ്ഡി, എന്‍.വി ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് സമിതിയെ നിയോഗിച്ചത്.

സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെ ഗുരുതരമായ ബാലാവകാശ ലംഘനങ്ങള്‍ നടക്കുകയാണെന്നും കോടതി ഇടപെടലുകള്‍ ഉണ്ടാകണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ കശ്മീരില്‍ ഒരു കുട്ടിയെ പോലും സര്‍ക്കാര്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചിട്ടില്ലെന്നാണ് ഭരണകൂടം പറയുന്നത്.