മണ്ഡലങ്ങളെ ആവേശത്തിലാക്കി കൊട്ടിക്കലാശം ; കോന്നിയില്‍ സംഘര്‍ഷം
അണികളെയും പ്രവര്‍ത്തകരെയും ആവേശത്തിലാക്കി തിരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ കൊട്ടിക്കലാശം. ചില ഇടങ്ങളില്‍ പെയ്ത കനത്ത മഴയ്ക്കും അണികളുടെ ആവേശം കെടുത്താന്‍ കഴിഞ്ഞില്ല. പേരൂര്‍ക്കടയിലും മണ്ഡലത്തിലെ മറ്റു കേന്ദ്രങ്ങളിലും നടന്ന കൊട്ടിക്കലാശത്തില്‍ സ്ഥാനാര്‍ഥികളും മുതിര്‍ന്ന നേതാക്കളും കൂടി എത്തിച്ചേര്‍ന്നതോടെ അണികളുടെ ആവേശവും അണപൊട്ടി.
പ്രചാരണ രംഗത്തെ ആവേശച്ചൂട് വാനോളം കുതിച്ചുയരുന്ന കാഴ്ചയാണ് കലാശ കൊട്ടിലും പ്രകടമായത്. സ്ഥാനാര്‍ഥികളുടെ മുഖം മൂടികളും കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളുമായി പ്രവര്‍ത്തകര്‍ തെരുവ് കീഴടക്കി. മുതിര്‍ന്ന നേതാക്കളുടെയും ചലച്ചിത്ര താരങ്ങളുടെയും അകമ്പടിയോടെ സ്ഥാനാര്‍ത്ഥികള്‍ കൂടി എത്തിയതോടെ ആവേശം അണപൊട്ടി.
അതിനിടെ കോന്നിയില്‍ യുഡിഎഫ്-പൊലീസ് സംഘര്‍ഷം ഉണ്ടായി. നേരത്തെ അനുവദിച്ച സ്ഥലത്തു നിന്നും കോന്നി ജംങ്ഷന് നടുവിലേക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രവേശിക്കാനൊരുങ്ങിയതാണ് സംഘര്‍ഷത്തിനിടയാക്കിത്. പോലീസ് ഇത് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. പ്രവര്‍ത്തകര്‍ പിന്‍വാങ്ങാന്‍ തയ്യാറാകാതെ വന്നതോടെ മുതിര്‍ന്ന നേതാക്കളെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
മൂന്ന് മുന്നണികള്‍ക്കും മൂന്ന് സ്ഥലമായിരുന്നു നേരത്തെ കൊട്ടിക്കലാശത്തിനായി അനുവദിച്ചിരുന്നത്. എന്നാല്‍ മൂന്നുമണിയോടെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ജംഗ്‌നിഷനിലേക്ക് കയറി കൊട്ടിക്കലാശം ആരംഭിച്ചിരുന്നു. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കളെല്ലാം സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മണ്ഡലങ്ങളിലുണ്ട്. ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ കോന്നിയില്‍ നടക്കുന്നത്.
പതിവില്‍ നിന്ന് വിഭിന്നമായ തെരഞ്ഞെടുപ്പ് ആവേശമാണ് എറണാകുളത്ത് കൊട്ടിക്കാശത്തില്‍ ദൃശ്യമായത്. തങ്ങളുടെ ശക്തികേന്ദ്രമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ 1998 – ലെ അട്ടിമറി ജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. അവസാന ലാപില്‍ പ്രചാരണ രംഗത്തെ മികവ് പ്രകടമാക്കാനുള്ള മത്സരത്തിലായിരുന്നു മുന്നണികള്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ നോര്‍ത്തിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കലൂരിലുമാണ് കൊട്ടിക്കലാശത്തിനായി കേന്ദ്രീകരിച്ചത്.
പരമാവധി പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ മൂന്നു മുന്നണികളും ശ്രമിച്ചതോടെ ആവേശത്തിലായി മഞ്ചേശ്വരം. റോഡ് ഷോകളും ശക്തിപ്രകടനവുമായാണ് പരസ്യ പ്രചാരണം അവസാനിച്ചത്. സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രധാന നേതാക്കളെയും അണിനിരത്തിയായിരുന്നു കൊട്ടിക്കലാശം.
സ്ഥാനാര്‍ഥികള്‍ മൂന്നും മൂന്ന് ഇടങ്ങളിലായാണ് അരൂരില്‍ കലാശക്കൊട്ടില്‍ പങ്കെടുത്തത്. ആവേശം ഒട്ടും ചോരാതെയായിരുന്നു അരൂരിലെ കൊട്ടിക്കലാശം. ഇടത് സ്ഥാനാര്‍ഥി മനു സി പുളിക്കല്‍ അരൂരിലും യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനും എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവും തുറവൂരിലുമാണ് കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്. ഉച്ച കഴിഞ്ഞപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തുറവൂരിലേക്കും അരൂരിലേക്കും ഒഴുകിയെത്തി. പിന്നീട് കൊട്ടും പാട്ടും ഗാനങ്ങളുമായി കൊട്ടിക്കലാശം കത്തിക്കയറി. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമാണെന്നിരിക്കെ രാവിലെ മുതല്‍ റോഡ് ഷോ ഉള്‍പ്പെടെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു സ്ഥാനാര്‍ത്ഥികള്‍.