ഉടന്‍ മല കയറും എന്ന് തൃപ്തി ദേശായി

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് പുറത്ത് വന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ഉടന്‍ മല കയറുമെന്ന് ഭൂമാതാ ബ്രിഗേഡ് സ്ഥാപക തൃപ്തി ദേശായി. ആരാധനാലയങ്ങളില്‍ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഭൂമാതാ ബ്രിഗേഡ്.

ശനി ശിക്‌നപ്പൂര്‍ ക്ഷേത്രം, കൊല്‍ഹാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വര്‍ ശിവ ക്ഷേത്രം, മുബൈയിലെ ഹാജി അലി ദര്‍ഗ എന്നിവിടങ്ങളില്‍ കോടതി വിധിയെ തുടര്‍ന്ന് അനുയായികളോടൊപ്പം തൃപ്തി പ്രവേശിച്ചിരുന്നു.

യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്ന വിധിയെ തുടര്‍ന്ന് മല കയറാന്‍ വനിതാ സാമൂഹ്യപ്രവര്‍ത്തകയായ തൃപ്തി കേരളത്തിലെത്തിയിരുന്നു. എന്നാല്‍, സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കാനാകാതെ അവര്‍ മടങ്ങുകയായിരുന്നു. ആറംഗ യുവതികള്‍ അടങ്ങിയ സംഘത്തിനൊപ്പമാണ് അവര്‍ കേരളത്തിലെത്തിയത്.