ആഗ്രയുടെ പേര് മാറ്റി അഗ്രവാന്‍ എന്നാക്കുവാന്‍ തയ്യറായി യോഗി സര്‍ക്കാര്‍

താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് മാറ്റാന്‍ യോഗി സര്‍ക്കാര്‍. ആഗ്ര എന്ന പേരു മാറ്റി അഗ്രവാന്‍ എന്ന പേരു നല്‍കാനാണ് ആലോചന നടക്കുന്നത്. വിഷയത്തില്‍ പരിശോധന നടത്തി വിവരം അറിയിക്കാന്‍ ചരിത്ര ഗവേഷകരോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അലഹബാദിനും മുഗള്‍സരായിക്കും പിന്നാലെയാണ് പ്രശസ്തമായ ഒരു സ്ഥലത്തിന്റെ പേര് കൂടി മാറ്റുന്നത്.

ഇക്കാര്യത്തില്‍ അംബേദ്കര്‍ സര്‍വകലാശാലയിലെ ചരിത്ര ഗവേഷകര്‍ക്കാണ് സര്‍ക്കാര്‍ കത്തയച്ചത്. ആഗ്ര മറ്റേതെങ്കിലും പേരില്‍ അറിയപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് കത്തിലെ നിര്‍ദ്ദേശം. നിര്‍ദ്ദേശം ലഭിച്ച് ഇതില്‍ പരിശോധന തുടങ്ങിയിട്ടുണ്ടെന്ന് സര്‍വകലാശാലയിലെ ചരിത്ര വിഭാഗം മേധാവി പ്രൊഫസര്‍ സുഗമം ആനന്ദ് പറഞ്ഞു.

നേരത്തെ ആഗ്രയുടെ പേര് അഗ്രവാന്‍ എന്നായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന്റെ സാധുത എങ്ങനെയാണെന്നും ആഗ്ര എന്ന പേര് എങ്ങനെ വന്നുവെന്നും കണ്ടെത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. നേരത്തെ അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മുഗള്‍സരായിയുടേത് ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ എന്നും മാറ്റിയിരുന്നു.